Home Keralaദേവസ്വം സ്‌പെഷ്യൽ പ്ലീഡർ നിയമന വിവാദം: കെ ബി പ്രദീപ് രാജിവെച്ചു

ദേവസ്വം സ്‌പെഷ്യൽ പ്ലീഡർ നിയമന വിവാദം: കെ ബി പ്രദീപ് രാജിവെച്ചു

by news_desk1
0 comments

തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അഡ്വ. കെ ബി പ്രദീപ് സ്ഥാനമൊഴിഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും വിമർശനങ്ങളും ശക്തമായ സാഹചര്യത്തിലാണ് രാജി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചതെന്നാണ് വിവരം.

ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിപക്ഷത്തുള്ള സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന് വേണ്ടി കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനെയാണ് ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതെന്ന കാര്യം പുറത്തുവന്നതോടെ നിയമനം വിവാദമായിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പ്രതിഭാഗത്തേക്ക് ചോരാൻ സാധ്യതയുണ്ടെന്ന ആശങ്ക അന്വേഷണ ചുമതലയുള്ള പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖപ്പെടുത്തിയിരുന്നു.

ഈ ആശങ്ക ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയ എസ്‌ഐടി, അന്വേഷണ രേഖകളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ദേവസ്വം വകുപ്പിന് സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ പ്രത്യേകമായി സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ തസ്തിക സൃഷ്ടിച്ചാണ് കെ ബി പ്രദീപിനെ നിയമിച്ചത്.

ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നടപടികളിൽ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകനെയാണ് പിന്നീട് ദേവസ്വം വകുപ്പിന്റെ പ്രത്യേക പ്ലീഡറായി നിയമിച്ചതെന്നത് താൽപര്യവൈരുദ്ധ്യത്തിന് ഇടയാക്കുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു. കേസിന്റെ അന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ചതിന് പിന്നാലെ സ്മാർട്ട് ക്രിയേഷൻസിനെയും അവരുടെ അഭിഭാഷകനെയും ഹർജിയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി നടപടി സ്വീകരിച്ചിരുന്നു. അന്വേഷണ രേഖകൾ ലഭ്യമാകാതിരിക്കാനായിരുന്നു ആ തീരുമാനം.

ഇത്തരം സാഹചര്യത്തിൽ, മുമ്പ് അന്വേഷണ രേഖകളിൽ നിന്ന് വിലക്കപ്പെട്ടിരുന്ന അഭിഭാഷകനെ തന്നെ പിന്നീട് ദേവസ്വം വകുപ്പിന്റെ പ്രത്യേക പ്ലീഡറായി നിയമിച്ചത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. നിയമനം നിലനിൽക്കുകയാണെങ്കിൽ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിൽ തടസങ്ങൾ ഉണ്ടാകില്ലെന്ന ആശങ്കയും ഉയർന്നിരുന്നു.

വിവാദം രൂക്ഷമായതോടെ സർക്കാരിന് മേൽ സമ്മർദം വർധിക്കുകയും തുടർന്ന് കെ ബി പ്രദീപ് രാജിവെക്കുകയും ചെയ്തതോടെയാണ് വിഷയത്തിൽ താൽക്കാലികമായി വിവാദങ്ങൾക്ക് വിരാമമായത്.

You may also like