Home Top Storiesതൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

by news_desk
0 comments

കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി. വിധി മരവിപ്പിക്കാൻ തയ്യാറാകാത്ത ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ച്, വിധിപ്പകർപ്പിലെ കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും നിരാകരിച്ചു. നേരത്തെ ഹൈക്കോടതിയും ഇതേ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

രണ്ടാം പ്രതിയായ ആന്റണി രാജുവിന് സെഷൻസ് കോടതി മൂന്ന് വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ തടവ് ശിക്ഷ നിലനിൽക്കുന്നതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാൻ സാധിച്ചിരുന്നില്ല. അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശ പൗരനെ രക്ഷപ്പെടുത്താനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. കേസിൽ കഴിഞ്ഞ ജനുവരി മൂന്നിനാണ് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചത്.

സ്വന്തം കക്ഷിയെ രക്ഷിക്കാൻ ആന്റണി രാജു ആസൂത്രിതമായി കൃത്രിമം നടത്തിയെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും വിധിപ്പകർപ്പിൽ കോടതി നിരീക്ഷിച്ചിരുന്നു. പ്രതികളുടെ പ്രവൃത്തി വെറുമൊരു ക്രമക്കേടല്ലെന്നും നീതിയുടെ ഗതിയെ ബോധപൂർവ്വം തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തമാക്കിയ കോടതി, ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ ആന്റണി രാജുവിന് വരും ദിവസങ്ങളിൽ രാഷ്ട്രീയമായും നിയമപരമായും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും.

You may also like