Home Keralaപാമ്പുകടി ഭീതിയിൽ കേരളം; ഇന്നലെ മാത്രം സഹായം തേടിയത് 23 പേർ, ആലപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

പാമ്പുകടി ഭീതിയിൽ കേരളം; ഇന്നലെ മാത്രം സഹായം തേടിയത് 23 പേർ, ആലപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

by news_desk
0 comments

ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടി കേസുകൾ വർദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം മാത്രം പാമ്പുകടിയേറ്റ് ആംബുലൻസ് സേവനം തേടിയത് 23 പേരാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ആലപ്പുഴ ജില്ലയിലാണ്. ജില്ലയിൽ മാത്രം ഏഴ് പേർക്ക് ഇന്നലെ പാമ്പുകടിയേറ്റു.

വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീട്ടുപറമ്പുകളിലും മറ്റും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കടിയേറ്റാൽ എത്രയും വേഗം ശാസ്ത്രീയ ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനമെന്നും, ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളെ കൃത്യസമയത്ത് ഉപയോഗപ്പെടുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ആലപ്പുഴയ്ക്ക് പുറമെ കൊല്ലം, കോട്ടയം ജില്ലകളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആന്റി വെനം ലഭ്യമായ അടുത്തുള്ള സർക്കാർ ആശുപത്രികളിലെത്തിക്കാൻ ശ്രദ്ധിക്കണം. പറമ്പുകളിലെ പുല്ലും കാടും വെട്ടിത്തെളിക്കുമ്പോഴും രാത്രികാലങ്ങളിൽ നടക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. ജില്ലയിലെ ആശുപത്രികളിൽ പാമ്പുകടിക്കുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

You may also like