കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പയ്യോളി തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ താമസിക്കുന്ന ഒമ്പത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലയിൽ നിപ വൈറസ് ജാഗ്രതയ്ക്കും കോളറ ആശങ്കയ്ക്കും പിന്നാലെയാണ് പുതിയ ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്നും ആശുപത്രി അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. വ്യക്തിശുചിത്വം കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.
പഴകിയ ഭക്ഷണവും ശുദ്ധമല്ലാത്ത കുടിവെള്ളവും ഒഴിവാക്കണമെന്നും ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ വൃത്തിയായി കഴുകണമെന്നും നിർദേശമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ഷിഗെല്ല ബാധയെ തുടർന്ന് തലക്കുളത്തൂർ സ്വദേശിയായ നാലര വയസുകാരി മരിച്ചതും ജില്ലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി പ്രതിരോധ നടപടികൾ തുടരുകയാണ്.

