കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രണ്ടര വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളിലാണ് രോഗം കണ്ടെത്തിയത്.
രോഗബാധിതരായ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില നിരീക്ഷിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് പ്രത്യേക പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നത് ഒഴിവാക്കാനുമാണ് നിർദേശം.
കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, ഭക്ഷണം തയ്യാറാക്കുമ്പോഴും കഴിക്കുമ്പോഴും ശുചിത്വം പാലിക്കുക, കുട്ടികളിൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക എന്നിവയും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

