Home Sportsസൂര്യകുമാർ യാദവ് പുറത്ത്, ടി20 ടീമിനെ ശ്രേയസ് അയ്യർ നയിക്കും; വൈഭവും പ്രിൻസും ടീമിൽ, സഞ്ജു സാംസൺ തുടരും

സൂര്യകുമാർ യാദവ് പുറത്ത്, ടി20 ടീമിനെ ശ്രേയസ് അയ്യർ നയിക്കും; വൈഭവും പ്രിൻസും ടീമിൽ, സഞ്ജു സാംസൺ തുടരും

by news_desk
0 comments

മുംബൈ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് വൻ അഴിച്ചുപണി. ലോകകപ്പ് ജേതാവായ നായകൻ സൂര്യകുമാർ യാദവിനെ അപ്രതീക്ഷിതമായി ടീമിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി ശ്രേയസ് അയ്യരെ പുതിയ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് വരാനിരിക്കുന്ന ഇംഗ്ലണ്ട് – അയർലൻഡ് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ട്വന്റി-20 സ്ക്വാഡിനെ തിരഞ്ഞെടുത്തത്. യുവതാരം തിലക് വർമ്മയാണ് പുതിയ വൈസ് ക്യാപ്റ്റൻ. ഐ.പി.എല്ലിൽ അസാമാന്യ പ്രകടനം പുറത്തെടുത്ത കൗമാര വിസ്മയം വൈഭവ് സൂര്യവംശിയും പുതുമുഖം പ്രിൻസ് യാദവും ടീമിലിടം നേടി. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ സ്ഥാനം നിലനിർത്തി.

ഏകദേശം രണ്ടര വർഷത്തോളം ഇന്ത്യൻ ട്വന്റി-20 ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് നായകസ്ഥാനത്തോടെയാണെന്നത് ശ്രദ്ധേയമാണ്. സഞ്ജു സാംസൺ ക്യാപ്റ്റനായേക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഐ.പി.എല്ലിലെ ശ്രേയസിന്റെ മികച്ച ക്യാപ്റ്റൻസി റെക്കോർഡ് പരിഗണിച്ചാണ് നായകസ്ഥാനം നൽകിയതെന്ന് ചീഫ് സെലക്റ്ററായ അജിത് അഗാർക്കർ വ്യക്തമാക്കി. സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ച കളി പുറത്തെടുത്തതാണ് വൈഭവ് സൂര്യവംശിക്ക് സീനിയർ ടീമിലേക്ക് അതിവേഗം വഴിതുറന്നതെന്നും അഗാർക്കർ കൂട്ടിച്ചേർത്തു. അതേസമയം, ഐ.പി.എല്ലിൽ തിളങ്ങിയിട്ടും ശുഭ്മാൻ ഗില്ലിനെ ട്വന്റി-20 ടീമിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കും. ഇംഗ്ലണ്ട്-അയർലൻഡ് പര്യടനങ്ങളിൽ പ്രമുഖ പേസർ ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും ഏഷ്യൻ ഗെയിംസിനുള്ള സ്ക്വാഡിൽ ബുമ്ര കളിക്കും.

ഇംഗ്ലണ്ട് – അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.

You may also like