Home Keralaപ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞെന്ന് പരാതി; മെഡിക്കൽ കോളജിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞെന്ന് പരാതി; മെഡിക്കൽ കോളജിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

by news_desk1
0 comments

കോഴിക്കോട്: പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞതായി ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ കുടുംബം പരാതി നൽകി. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ സുജിൻ–അമല ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റതെന്നാണ് പരാതി.

കുഞ്ഞിന്റെ വലത് കൈയിലെ എല്ല് പൊട്ടിയ നിലയിലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. പ്രസവശേഷം കുഞ്ഞിനെ മാതാപിതാക്കൾക്ക് കാണിക്കുന്നതിന് മുമ്പ് കൈയിൽ പ്ലാസ്റ്റർ ഇട്ടിരുന്നുവെന്നും പിന്നീട് രണ്ടാം ദിവസം അത് അഴിഞ്ഞുവീണതായും പരാതിയിൽ പറയുന്നു.

കുഞ്ഞ് വേദന കാരണം തുടർച്ചയായി കരഞ്ഞിട്ടും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. മണിക്കൂറുകളോളം കാത്തുനിന്ന് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തക്ക ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും കുടുംബം പറയുന്നു.

തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാണ് ചികിത്സ തേടിയത്. സമയബന്ധിതമായി ചികിത്സ ലഭിക്കാത്തതിനാൽ പൊട്ടിയ എല്ലിന്റെ സ്ഥാനം മാറിയതായി ഡോക്ടർമാർ അറിയിച്ചെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

You may also like