തിരുവനന്തപുരം: കഠിനമായ വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. എസിയും ഫാനും ഉപയോഗിച്ചാലും ചൂട് അതിജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ, ശരീരത്തിന് ചൂട് കൂട്ടുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദൈനംദിന പാചകത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും അധികമായി ഉപയോഗിക്കുന്നത് ശരീരതാപനില ഉയരാൻ കാരണമാകാം. ഇവയിൽ അടങ്ങിയ ജിഞ്ചറോൾ, അലിസിൻ തുടങ്ങിയ ഘടകങ്ങൾ മെറ്റബോളിസം വർധിപ്പിക്കുകയും അതുവഴി ശരീരത്തിൽ ചൂട് കൂടാനും ഇടയാക്കുകയും ചെയ്യുന്നു. കൂടാതെ അമിത ഉപയോഗം വയറെരിച്ചിലും നിർജ്ജലീകരണവും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഇലക്കറികൾ പൊതുവെ ആരോഗ്യകരമായതാണെങ്കിലും, പ്രോട്ടീൻ കൂടുതലുള്ളതിനാൽ ശരീരത്തിൽ ചൂട് വർധിപ്പിക്കാൻ ഇടയാക്കാം. അമിതമായ ചൂട് അനുഭവപ്പെടുന്നവർക്ക് ഇത്തരം ഭക്ഷണങ്ങൾ കുറയ്ക്കുന്നത് ഉചിതമാണെന്നാണ് നിർദേശം.
സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ ഘടകങ്ങൾ ചിലരിൽ ഗ്യാസ്, വയറുവീർക്കൽ, ആസിഡ് റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. അതുപോലെ കാരറ്റ് ദഹിക്കാൻ കൂടുതൽ വെള്ളം ആവശ്യമായതിനാൽ ശരീരത്തിലെ ജലാംശം കുറയാൻ ഇടയാക്കും.
ചുവന്ന മുളക്, കാപ്സിക്കം പോലുള്ള മുളക് ഇനങ്ങൾ രക്തയോട്ടം വർധിപ്പിക്കുന്നതിനൊപ്പം ശരീരതാപനിലയും ഉയർത്തുന്നു. അതിനാൽ വേനൽക്കാലത്ത് ഇത്തരം ഭക്ഷണങ്ങൾ നിയന്ത്രിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

