ആശുപത്രി എന്നത് ചികിത്സയുടെ ഇടം മാത്രമല്ല; പ്രതീക്ഷയുടെ അവസാന ആശ്രയവുമാണ്. അവിടെ എത്തുന്നവരിൽ പലർക്കും മരുന്നിനൊപ്പം ഭക്ഷണവും അത്യാവശ്യമാണ്. രോഗിയുടെ കിടക്കയ്ക്കരികിൽ ദിവസങ്ങളോളം കാവലിരിക്കുന്ന ബന്ധുക്കൾക്കും നിരാശ്രയർക്കും ഒരു നേരത്തെ ഭക്ഷണം പോലും വലിയ ആശ്വാസമാണ്. ആ വിശപ്പിന് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. അതിന് ഒരു ഭാഷ മാത്രമേയുള്ളൂ- വിശപ്പ്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ നടത്തുന്ന ഭക്ഷണവിതരണം അവസാനിപ്പിക്കണമെന്ന തരത്തിലുള്ള ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന അതുകൊണ്ടുതന്നെ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ആശുപത്രികളിൽ ഭക്ഷണവിതരണത്തിനായി സർക്കാർ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം കൊണ്ടുവരുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്. അത് വിജയകരമായി നടപ്പിലായാൽ കേരളത്തിന് മാതൃകയാകുന്ന പദ്ധതിയായിരിക്കും. എന്നാൽ പദ്ധതി പൂർണരൂപം പ്രാപിക്കുന്നതിന് മുമ്പ്, വർഷങ്ങളായി ആയിരക്കണക്കിന് മനുഷ്യരുടെ വിശപ്പകറ്റുന്ന ജനകീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്നത് യുക്തിസഹമല്ല.
ഡി.വൈ.എഫ്.ഐ, സേവാഭാരതി, സന്നദ്ധ സംഘടനകൾ, മത-സാമൂഹിക കൂട്ടായ്മകൾ, വ്യക്തികൾ തുടങ്ങി നിരവധി പേരാണ് വർഷങ്ങളായി ആശുപത്രികളിൽ ഭക്ഷണവും കുടിവെള്ളവും രക്തദാനവും മറ്റ് സേവനങ്ങളും നടത്തിവരുന്നത്. അവർ ഭക്ഷണം നൽകുമ്പോൾ ആരുടേയും രാഷ്ട്രീയമോ മതമോ ജാതിയോ ചോദിച്ചിട്ടില്ല. രോഗിയുടെ കിടക്കയിൽ കിടക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും അവർ നൽകുന്നത് ഭക്ഷണമല്ല, മനുഷ്യസ്നേഹമാണ്. ഭക്ഷണവിതരണത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുന്നത് തീർച്ചയായും അംഗീകരിക്കാനാവില്ല. കൊടികളും ബാനറുകളും ഉപയോഗിച്ച് ആശുപത്രി പരിസരം രാഷ്ട്രീയ വേദിയാക്കാൻ ശ്രമിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പക്ഷേ, ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുഴുവൻ സേവനപ്രവർത്തനങ്ങളെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയും അവസാനിപ്പിക്കണമെന്ന അന്ത്യശാസനം പുറപ്പെടുവിക്കുകയും ചെയ്യുന്നത് ജനാധിപത്യപരമായ സമീപനമല്ല. സർക്കാർ പദ്ധതികളും ജനകീയ പങ്കാളിത്തവും പരസ്പരം മത്സരിക്കുന്നവയല്ല; പരസ്പരം പൂരകങ്ങളാണ്. കേരളത്തിന്റെ വികസനചരിത്രം പരിശോധിച്ചാൽ, സർക്കാർ സംവിധാനവും സന്നദ്ധസംഘടനകളും കൈകോർത്തപ്പോൾ മാത്രമാണ് പല പദ്ധതികളും വിജയത്തിലെത്തിയതെന്ന് കാണാം. കമ്മ്യൂണിറ്റി കിച്ചനും അതേ വഴിയിലൂടെയാണ് മുന്നോട്ട് പോകേണ്ടത്. സമൂഹത്തെ അകറ്റിനിർത്തി സർക്കാർ മാത്രം മുന്നോട്ടുപോയാൽ പദ്ധതി പൂർണവിജയത്തിലെത്തുക പ്രയാസമാണ്. കഴിഞ്ഞ വർഷങ്ങളിലുടനീളം നിരവധി സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായത് ഇത്തരം സന്നദ്ധ സേവനങ്ങളാണ്. പല കുടുംബങ്ങൾക്കും ഒരു നേരത്തെ ഭക്ഷണച്ചെലവ് പോലും വലിയ ഭാരമായ സാഹചര്യത്തിൽ ഈ സേവനങ്ങൾ അനേകരുടെ കണ്ണീരൊപ്പിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം അവയെ നിരുത്സാഹപ്പെടുത്തുന്ന സമീപനം സമൂഹത്തിന് നൽകുന്ന സന്ദേശം ആശങ്കാജനകമാണ്. സർക്കാർ ആശുപത്രികൾ സർക്കാർ സ്വത്താണ്; എന്നാൽ അവിടേക്ക് എത്തുന്ന ജനങ്ങൾ സമൂഹത്തിന്റെ ഉത്തരവാദിത്തവുമാണ്. സമൂഹത്തിന്റെ പങ്കാളിത്തം ഇല്ലാതാക്കി ക്ഷേമപദ്ധതികൾക്ക് ആത്മാവ് നൽകാനാവില്ല. അതിനാൽ സർക്കാർ ചെയ്യേണ്ടത് ജനകീയ സേവനങ്ങളെ തടയലല്ല; അവയ്ക്ക് വ്യക്തമായ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും രൂപപ്പെടുത്തലാണ്. രജിസ്ട്രേഷൻ, ശുചിത്വം, ഭക്ഷ്യസുരക്ഷ, സമയക്രമം, രാഷ്ട്രീയപ്രചാരണ നിരോധനം എന്നിവ ഉറപ്പാക്കി സേവനപ്രവർത്തനങ്ങളെ കൂടുതൽ ക്രമബദ്ധമാക്കാം. വിശപ്പുള്ളവന്റെ മുന്നിൽ നീട്ടുന്ന ഒരു പൊതിച്ചോറിന് രാഷ്ട്രീയത്തിന്റെ നിറമില്ല. അത് കാരുണ്യത്തിന്റെ നിറമാണ്. ആ കാരുണ്യത്തെ ഭരണപരമായ തീരുമാനങ്ങൾ കൊണ്ട് ഇല്ലാതാക്കരുത്. രോഗികളെയും നിരാശ്രയരെയും രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ ആയുധങ്ങളാക്കരുത്. സർക്കാർ പദ്ധതികൾ അനിവാര്യമാണ്. എന്നാൽ സർക്കാർ എന്നത് സമൂഹത്തിൽ നിന്ന് വേറിട്ട ഒന്നല്ല; സമൂഹത്തിന്റെ സംഘടിത രൂപമാണ്. അതിനാൽ വികസനത്തിന്റെ വഴിയിലും ക്ഷേമത്തിന്റെ പാതയിലും സർക്കാർ ജനങ്ങളെ ചേർത്തുപിടിക്കണം, അകറ്റിനിർത്തരുത്. വിശപ്പിനെ നേരിടാനുള്ള ഏറ്റവും വലിയ മറുപടി ഭരണനിർദേശങ്ങളല്ല, മനുഷ്യസ്നേഹമാണ്. കാരുണ്യത്തിന്റെ കൈകൾക്ക് വിലങ്ങിടരുത്. വിശപ്പിൽ രാഷ്ട്രീയം കലർത്തരുത്. മനുഷ്യസ്നേഹത്തിന് മുന്നിൽ എല്ലാ കൊടികൾക്കും ഒരു നിറമാകട്ടെ.
4
