കേരള ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദം ഒരു വ്യക്തിയുടെ നിയമനത്തെക്കുറിച്ചുള്ള തർക്കം മാത്രമല്ല. അധികാരത്തിലെത്തിയ പുതിയ സർക്കാരിന്റെ ഭരണശൈലിയും തീരുമാനമെടുക്കുന്ന രീതിയും സംഘടനയുമായുള്ള ബന്ധവും വിലയിരുത്തപ്പെടുന്ന ആദ്യത്തെ വലിയ രാഷ്ട്രീയ പരീക്ഷണമായാണ് ഇത് മാറുന്നത്. തിരുവനന്തപുരം ലോ കോളജിലെ മുൻ എസ്.എഫ്.ഐ പ്രവർത്തക ജിയോണയെ സർക്കാർ പ്ലീഡറായി നിയമിച്ചതിനെതിരെ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് കെ.എസ്.യു ആയിരുന്നു. അന്ന് ഉയർന്ന വിമർശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. “ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയാണ് അംഗീകരിച്ചത്” എന്നായിരുന്നു വിശദീകരണം. എന്നാൽ ഇന്ന് അതേ ലോയേഴ്സ് കോൺഗ്രസ് തന്നെ, പട്ടിക നൽകിയെന്നത് ശരിയാണെങ്കിലും അവസാന സ്ഥാനത്തുണ്ടായിരുന്ന പേരിനെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്താൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് പരസ്യമായി ചോദിക്കുകയാണ്. ഇതോടെ കെ.എസ്.യു ആദ്യം ഉന്നയിച്ച സംശയങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ സാധുത ലഭിച്ചിരിക്കുകയാണ്. ഇവിടെ പ്രധാന ചോദ്യം ആരെയാണ് നിയമിച്ചത് എന്നതല്ല. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത് എന്നതാണ്. ഭരണകൂടത്തിന്റെ ഓരോ തീരുമാനത്തിനും സുതാര്യതയുടെ മുഖമുണ്ടാകണം. ആ മുഖം നഷ്ടപ്പെടുന്ന നിമിഷം മുതൽ സംശയങ്ങൾക്കും വിവാദങ്ങൾക്കും വാതിൽ തുറക്കപ്പെടും.
സർക്കാർ അധികാരത്തിൽ വരുമ്പോൾ പാർട്ടിക്കായി വർഷങ്ങളോളം പ്രവർത്തിച്ച പ്രവർത്തകർക്ക് പരിഗണന ലഭിക്കണമെന്നത് അസ്വാഭാവികമായ ആവശ്യമല്ല. അത് ഒരു സംഘടനയുടെ അടിസ്ഥാന മര്യാദയാണ്. എന്നാൽ അത്തരം പ്രവർത്തകരെ അവഗണിച്ചുകൊണ്ട് വ്യക്തിബന്ധങ്ങൾക്കും ഇഷ്ടക്കാരുടെ ശുപാർശകൾക്കും മുൻഗണന ലഭിക്കുന്നുവെന്ന പ്രതീതി രൂപപ്പെടുമ്പോൾ അതാണ് ഏറ്റവും വലിയ രാഷ്ട്രീയ നഷ്ടം. അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനമുള്ളവർക്ക് മാത്രം അവസരങ്ങളും സ്ഥാനങ്ങളും ലഭിക്കുന്നുവെന്ന തോന്നൽ ജനങ്ങൾക്കിടയിലും പാർട്ടി അണികളിലും ശക്തമായാൽ അതിന്റെ പ്രത്യാഘാതം ദീർഘകാലം നിലനിൽക്കും. കോൺഗ്രസ് പാർട്ടിയുടെ കരുത്തും അടിത്തറയുമാണ് കെ.എസ്.യുവും യൂത്ത് കോൺഗ്രസും. തെരുവിൽ സമരം ചെയ്തവരും കേസുകൾ നേരിട്ടവരും പതാക ഉയർത്തി പാർട്ടിയെ വളർത്തിയവരുമാണ് സംഘടനയുടെ യഥാർത്ഥ സമ്പത്ത്. അവരുടെ ശബ്ദം കേൾക്കാതെ, അവരുടെ അഭിപ്രായങ്ങളെ നിസ്സാരവൽക്കരിച്ച് മുന്നോട്ടുപോകുന്ന നേതൃത്വം സ്വന്തം അടിത്തറ തന്നെ ദുർബലമാക്കുകയാണ് ചെയ്യുന്നത്. ഭരണനേതൃത്വത്തിന് ഏറ്റവും ആവശ്യം അധികാരത്തിന്റെ ഗൗരവമല്ല, കേൾക്കാനുള്ള പക്വതയാണ്. മുഖ്യമന്ത്രി എന്ന പദവി അലങ്കാരത്തിന്റെയോ അഹങ്കാരത്തിന്റെയോ പ്രതീകമാകരുത്. ‘ഞാൻ തീരുമാനിക്കുന്നതാണ് അന്തിമം’ എന്ന മനോഭാവം ജനാധിപത്യത്തിൽ ഒരിക്കലും ദീർഘകാലം നിലനിന്നിട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ ഏകപക്ഷീയതയെയും അഹങ്കാരത്തെയും വിമർശിച്ചവർ അധികാരത്തിലെത്തിയപ്പോൾ അതിന്റെ മറ്റൊരു പതിപ്പായി മാറുന്നുവെന്ന വിമർശനം ഉയരുന്നുണ്ടെങ്കിൽ അതിനെ നിസ്സാരമായി കാണാനാവില്ല. സർക്കാർ രൂപീകരിച്ച് മാസങ്ങൾ പിന്നിടുമ്പോഴും കെ.പി.സി.സിക്ക് സ്ഥിരം അധ്യക്ഷനെ കണ്ടെത്താൻ കഴിയാത്തത് സംഘടനാപരമായ വലിയ ദൗർബല്യമാണ്. സർക്കാരിന്റെ തീരുമാനങ്ങളെ വിലയിരുത്താനും പാർട്ടിയുടെയും സർക്കാരിന്റെയും ഇടയിൽ ഏകോപനം ഉറപ്പാക്കാനും ശക്തമായ നേതൃത്വമില്ലാത്ത അവസ്ഥ ആശയക്കുഴപ്പവും ചേരിപ്പോരും വർധിപ്പിക്കുകയാണ്. ഇതിനിടയിൽ പാർട്ടിക്കുള്ളിൽ തന്നെ ശീതസമരം ശക്തിപ്പെടുന്നുവെന്ന വിലയിരുത്തലുകളും പുറത്തുവരുന്നു. ഏറ്റവും ആശങ്കപ്പെടുത്തുന്നത്, സർക്കാരിനെ പ്രതിരോധിക്കേണ്ടി വരുന്ന അവസ്ഥ പ്രതിപക്ഷം സൃഷ്ടിക്കുന്നതല്ല, പലപ്പോഴും സർക്കാരിന്റെ സ്വന്തം തീരുമാനങ്ങളാണെന്നതാണ്. നിയമന വിവാദങ്ങളും ആശയവിനിമയത്തിലെ പാളിച്ചകളും വിവാദ പ്രസ്താവനകളും അനാവശ്യ ഏറ്റുമുട്ടലുകളും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധങ്ങൾ സമ്മാനിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടത് ഭരണനേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. വഴിവിട്ട ഇടപാടുകളെന്ന സംശയം പോലും ഉയരാത്ത തരത്തിൽ നിയമനങ്ങൾ നടത്തണം. ഇഷ്ടക്കാർക്കായുള്ള പ്രത്യേക പരിഗണനയും അർഹതയുള്ളവരുടെ അവഗണനയും ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല. അധികാരത്തോടുള്ള വിശ്വാസം നിലനിൽക്കണമെങ്കിൽ സത്യസന്ധതയും സുതാര്യതയും മാത്രമാണ് ഏക മാർഗം. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഭരണപക്ഷത്ത് എത്തിയശേഷം അതേപടി നടപ്പാക്കുക എല്ലായ്പ്പോഴും പ്രായോഗികമാകണമെന്നില്ല. എന്നാൽ എന്തുകൊണ്ട് ഒരു തീരുമാനം എടുക്കുന്നു, എന്തുകൊണ്ട് മറ്റൊന്ന് എടുക്കുന്നില്ല എന്നത് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും തുറന്നു പറയാനുള്ള ആർജവം ഭരണനേതൃത്വത്തിന് ഉണ്ടായിരിക്കണം. വിശദീകരണത്തിന്റെ അഭാവമാണ് പലപ്പോഴും വിവാദങ്ങളെ വലുതാക്കുന്നത്. വിവാദങ്ങളും ചേരിപ്പോരും അധികാരത്തിന്റെ ആദ്യ മാസങ്ങളെ വിഴുങ്ങാൻ അനുവദിക്കരുത്. സർക്കാരിന്റെ ഓരോ തീരുമാനവും ജനങ്ങൾക്കുള്ളതാണെന്ന ബോധ്യത്തോടെയും പാർട്ടിയുടെ കരുത്ത് പ്രവർത്തകരാണെന്ന തിരിച്ചറിവോടെയും മുന്നോട്ടുപോകുമ്പോഴേ ഭരണത്തിന് വിശ്വാസ്യത നേടാനാകൂ. അധികാരം അഞ്ചുവർഷത്തേക്കുള്ളതാകാം; എന്നാൽ വിശ്വാസം ഓരോ ദിവസവും നേടിയെടുക്കേണ്ടതാണ്.
3
