Home Top Storiesസോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.സി. വേണുഗോപാൽ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം

സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.സി. വേണുഗോപാൽ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം

by news_desk1
0 comments

കൊല്ലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. 20 ദിവസം നിരാഹാര സമരം നടത്തിയ ഒരാൾ മരിച്ചാലും പ്രശ്നമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. നിരാഹാര സമരം നടത്തുന്നവരെ വിളിച്ചിരുത്തി സംസാരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി കോൺഗ്രസ് ഉന്നയിക്കുന്ന വിഷയങ്ങളാണ് സി.ജെ.പിയും ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. ഓരോ തവണയും ചോദ്യപേപ്പർ ചോർച്ചയുണ്ടാകുമ്പോഴും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കാതെ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാർ ജനാധിപത്യവിരുദ്ധവും വിദ്യാർത്ഥി-തൊഴിലാളി വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, അതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾ തുറന്നുകാട്ടുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം, സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിന് മുന്നോടിയായി ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. ന്യൂഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാർലമെന്റിനും മന്ത്രിമാരുടെ വസതികൾക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ജന്തർ മന്തറിന് ചുറ്റും ജലപീരങ്കികളും മൊബൈൽ ജാമറുകളും വിന്യസിച്ചിട്ടുണ്ട്. 12 കമ്പനി അധിക അർധസൈനിക വിഭാഗത്തെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നാലിലധികം പേർ കൂട്ടംകൂടുന്നതിനും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് മാർച്ചിന് ഇതുവരെ പൊലീസ് അനുമതി നൽകിയിട്ടില്ല.

ആശുപത്രിയിൽ ചികിത്സയിലുള്ള സോനം വാങ്ചുക്ക് അവിടെയും നിരാഹാര സമരം തുടരുകയാണ്. ഭക്ഷണവും മരുന്നും സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. സോനത്തെ സന്ദർശിക്കാനെത്തിയ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനും ആശുപത്രിയിൽ പ്രവേശനാനുമതി നിഷേധിച്ചു. സുരക്ഷാ-ആശുപത്രി നടപടിക്രമങ്ങളാണ് ഇതിന് കാരണമെന്ന് പൊലീസ് വിശദീകരിച്ചു. തുടർന്ന് സി.പി.ഐ.എം സോനം വാങ്ചുക്കിന് ഐക്യദാർഢ്യം അറിയിച്ച് കത്ത് കൈമാറി.

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സി.ജെ.പി ജൂൺ 20-ന് ജന്തർ മന്തറിൽ സമരം ആരംഭിച്ചത്. തുടർന്ന് ജൂൺ 27-നാണ് സോനം വാങ്ചുക്ക് സമരപ്പന്തലിലെത്തി നിരാഹാര സമരം തുടങ്ങിയത്. ഒരുഘട്ടത്തിൽ അദ്ദേഹത്തിന്റെ ശരീരഭാരം 9.5 കിലോ വരെ കുറഞ്ഞിരുന്നു. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും താഴ്ന്ന നിലയിലായിരുന്നെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. സോനത്തിന് പിന്നാലെ അഭിജീത് ദീപ്കെയും എസ്.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷൻ ആദർശ് എം. സജിയും നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.

You may also like