കൊച്ചി: റോഡ് നികുതിയിളവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വൈകുന്നതിനെ തുടർന്ന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് തിരിച്ചടി. ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ നടത്തുന്ന ഇതര സംസ്ഥാന വിനോദയാത്രകൾ താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. സർക്കാർ അനുമതിയും നികുതിയിളവുമായി ബന്ധപ്പെട്ട തുടർനടപടികളും പൂർത്തിയായ ശേഷമേ യാത്രകൾ പുനരാരംഭിക്കാനാകൂ.
ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് പ്രത്യേക താത്കാലിക പെർമിറ്റുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ റോഡ് നികുതിയിളവിന്റെ കാലാവധി അവസാനിച്ചതോടെ ഈ പെർമിറ്റുകൾ അനുവദിക്കുന്നതിൽ തടസമുണ്ടായി. ഇതോടെയാണ് മുൻകൂട്ടി തയ്യാറാക്കിയ നിരവധി യാത്രകൾ മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായത്.
2018 മുതൽ കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ പൂർണ നികുതിയിളവ് അനുവദിച്ചുവരികയായിരുന്നു. ഈ ഇളവിന്റെ കാലാവധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചു. തുടർന്ന് നൽകിയിരുന്ന 45 ദിവസത്തെ അധികകാലാവധിയും ഈ മാസം 14ന് അവസാനിച്ചതോടെ പുതിയ സർക്കാർ ഉത്തരവ് അനിവാര്യമായി. നിലവിൽ കെഎസ്ആർടിസി ഒരു മാസത്തിൽ ഏകദേശം 47 ലക്ഷം രൂപവരെ നികുതിയായി അടയ്ക്കേണ്ട സാഹചര്യമാണുള്ളത്.
ബജറ്റ് ടൂറിസം സെല്ലിന് കീഴിലുള്ള ബസുകൾക്കും സാധാരണ കെഎസ്ആർടിസി സർവീസുകൾക്കുള്ളതുപോലെ നികുതിയിളവിന്റെ ആനുകൂല്യം ലഭിച്ചുവരികയായിരുന്നു. എന്നാൽ പുതിയ ഉത്തരവ് വൈകിയതോടെ യാത്രകൾക്ക് ആവശ്യമായ എം-പരിവാഹൻ രജിസ്ട്രേഷനും താത്കാലിക അനുമതികളും നിലച്ചിരിക്കുകയാണ്. യാത്രാദിവസങ്ങൾ കണക്കാക്കി ആർടിഒ തലത്തിലാണ് ഇത്തരം അനുമതികൾ നൽകുന്നത്.
യാത്രകൾ നിർത്തിവെച്ചതോടെ മുൻകൂട്ടി ബുക്കിങ് നടത്തിയ യാത്രക്കാരും ഇതിനായി ജോലി സ്ഥലങ്ങളിൽ നിന്ന് അവധി എടുത്തവരും ആശങ്കയിലാണ്. പുതുക്കിയ തീയതികൾ പ്രഖ്യാപിക്കുന്നതും സർക്കാർ തീരുമാനം വന്ന ശേഷമായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
അതേസമയം, സംസ്ഥാനാന്തര സ്ഥിരം സർവീസുകൾക്ക് നിലവിൽ തടസമില്ലെന്നും കേരളത്തിന് പുറത്തേക്കുള്ള ബജറ്റ് ടൂറിസം യാത്രകളെ മാത്രമാണ് തീരുമാനം ബാധിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഏകദേശം 5300 ബസുകൾക്കായി അഞ്ച് വർഷത്തേക്കുള്ള നികുതിയിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഭരണപരമായ നടപടികൾ പൂർത്തിയായാൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നും അധികൃതർ അറിയിച്ചു.

