Home Keralaമേപ്പാടിയിലെ കാട്ടാന ആക്രമണം; ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, ആശ്രിതന് താൽക്കാലിക ജോലി

മേപ്പാടിയിലെ കാട്ടാന ആക്രമണം; ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, ആശ്രിതന് താൽക്കാലിക ജോലി

by news_desk1
0 comments

മാനന്തവാടി: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്നും അറിയിച്ചു. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക തൊഴിൽ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ കാട്ടാനയെ ജനവാസ മേഖലയിൽ നിന്ന് തുരത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡിഎഫ്ഒ അറിയിച്ചു. തുടർനടപടികൾ വിലയിരുത്താൻ ഈ മാസം 30ന് വയനാട്ടിൽ ഉന്നതതല യോഗം ചേരും. വനം-കൃഷി വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ ദീർഘകാല പരിഹാര മാർഗങ്ങളും ചർച്ച ചെയ്യും.

അതേസമയം, കാട്ടാന ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സമഗ്ര മാർഗരേഖ രണ്ടാഴ്ചയ്ക്കകം തയ്യാറാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമായിരിക്കും നയരൂപീകരണമെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള പല ഫെൻസിംഗ് സംവിധാനങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ചിലയിടങ്ങളിൽ അവ തുറന്നുകിടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ ആക്രമണവുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മരിച്ച ജെസിയുടെ ഭർത്താവ് ഷാജി ചികിത്സയിൽ തുടരുകയാണെന്നും സ്ക്വാഡുകൾ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ മേപ്പാടി ടൗണിൽ ശക്തമായ പ്രതിഷേധവും ഉയർന്നു. ജനവാസ മേഖലകളിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇന്ന് രാവിലെയാണ് ഭർത്താവിനൊപ്പം ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണത്തിൽ ജെസി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഷാജിക്കും പരിക്കേറ്റിരുന്നു.

You may also like