തിരുവനന്തപുരം: കന്യാകുളങ്ങരയിൽ 16-കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി സഹദ് പൊലീസ് പിടിയിലായി. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ പ്രതി പെൺകുട്ടിയുടെ വീടിന് സമീപത്ത് കാത്തുനിന്നു. ടെക്സ്റ്റ് ബുക്ക് വാങ്ങുന്നതിനായി പെൺകുട്ടി വീടിന് പുറത്തിറങ്ങിയതോടെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സഹദ് ആക്രമണം നടത്തുകയായിരുന്നു. കഴുത്തിൽ കുത്തേറ്റതോടൊപ്പം മുഖത്തും പെൺകുട്ടിക്ക് പരിക്കേറ്റു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി ഇടവഴിയിലൂടെ ഓടി. രക്തം വാർന്ന നിലയിൽ ഓടിയെത്തിയ പെൺകുട്ടിയെ കണ്ട പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
കൃത്യം നടത്തിയ ശേഷം സഹദ് കാറിൽ രക്ഷപ്പെട്ടു. തുടർന്ന് വാഹനം ഉപേക്ഷിച്ച് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ബന്ധുവിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്.
പലതവണ സഹദ് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നും അത് നിരസിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സഹദ് എന്നും പൊലീസ് അറിയിച്ചു.

