Home Kerala‘പ്രതിനായകൻ’ എന്ന് വിളിക്കുന്നവർ തന്നെ തിരുത്തിപ്പറയും; പിണറായി വിജയനെ പുകഴ്ത്തി പി സരിൻ

‘പ്രതിനായകൻ’ എന്ന് വിളിക്കുന്നവർ തന്നെ തിരുത്തിപ്പറയും; പിണറായി വിജയനെ പുകഴ്ത്തി പി സരിൻ

by news_desk1
0 comments

തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ അഭിനന്ദിച്ച് ഡോ. പി സരിൻ. കേരളത്തിന്റെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് പിണറായി വിജയനെയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

യുഡിഎഫ് ഭരണത്തിലേക്ക് എത്തിയ സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിപക്ഷം എന്താണെന്ന് ജനങ്ങൾ വീണ്ടും തിരിച്ചറിയുമെന്ന് പി സരിൻ വ്യക്തമാക്കി. “പ്രതിനായകൻ” എന്ന് ആക്ഷേപിക്കുന്നവർ തന്നെ പിന്നീട് തിരുത്തിപ്പറയേണ്ടി വരുമെന്നും അദ്ദേഹം കുറിച്ചു.

അധികാരം വ്യക്തിപരമായ നേട്ടങ്ങൾക്കായല്ല, ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കുന്നുവെന്നും പിണറായി വിജയനും ഇടതുപക്ഷവും അതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും സരിൻ ചൂണ്ടിക്കാട്ടി.

നിയമസഭയിലെ അംഗബലം മാത്രം ഭരണത്തിന്റെ മാനദണ്ഡമല്ലെന്നും ജനങ്ങൾക്കായി നിലകൊള്ളുന്ന ശക്തമായ പ്രതിപക്ഷത്തിന്റെ ആവശ്യകത കേരളം വീണ്ടും അനുഭവിച്ചറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിനും ജനങ്ങൾക്കും വേണ്ടി അവസാന നാൾവരെ കാവലാളായി നിലകൊള്ളുമെന്ന ബോധ്യത്തിലാണ് പിണറായി വിജയനും ഇടതുപക്ഷവും മുന്നോട്ടുപോകുന്നതെന്നും പി സരിൻ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

You may also like