Home Keralaവാൽപ്പാറ ദുരന്തം: രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള നേതാക്കൾ അനുശോചിച്ചു

വാൽപ്പാറ ദുരന്തം: രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള നേതാക്കൾ അനുശോചിച്ചു

by news_desk1
0 comments

ന്യൂഡൽഹി: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവർക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഉൾപ്പെടെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അനുശോചനം അറിയിച്ചു. അപകടം റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിക്കുന്നുവെന്നും ദുരിതബാധിതർക്കു തൽക്ഷണ സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.ഐ നേതാവും എംപിയുമായ പി സന്തോഷ് കുമാർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ പാർട്ടി നേതാക്കൾ സന്ദർശിക്കുമെന്നും ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.

ഇന്നലെ വൈകുന്നേരം 5.20ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ മിനിവാൻ നിയന്ത്രണം വിട്ട് ഏകദേശം 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പലവട്ടം കീഴ്മേൽ മറിഞ്ഞ വാഹനം ഒമ്പതാം വളവിലേക്കാണ് പതിച്ചത്.

പാങ്ങ് എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 13 പേർ വാഹനത്തിലുണ്ടായിരുന്നു. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

ദുരന്തം സംസ്ഥാനത്താകെ ദുഃഖവാതാവരണം സൃഷ്ടിച്ചിട്ടുണ്ട്.

You may also like