Home Top Storiesമുഖ്യമന്ത്രി ആരാകും? ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്; ഘടകകക്ഷികളുടെ നിലപാടും തേടി കോണ്‍ഗ്രസ്

മുഖ്യമന്ത്രി ആരാകും? ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്; ഘടകകക്ഷികളുടെ നിലപാടും തേടി കോണ്‍ഗ്രസ്

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അനിശ്ചിതത്വം ഒമ്പതാം ദിവസവും തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ചര്‍ച്ചകളില്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരും വര്‍ക്കിങ് പ്രസിഡന്റുമാരും ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുതിര്‍ന്ന നേതാക്കളെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

ഇന്നോ നാളെയോ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്. ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. എഐസിസി നേതൃത്വം ഘടകകക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ യുഡിഎഫ് ഘടകകക്ഷികളില്‍ കടുത്ത അതൃപ്തി ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും തീരുമാനം ഉണ്ടാകാത്തത് വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നതാണെന്ന വിമര്‍ശനമാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഉയര്‍ത്തുന്നത്. “ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്” എന്ന നിലപാടാണ് ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ വി ഡി സതീശനെ പിന്തുണച്ച് ഉറച്ചുനില്‍ക്കുന്ന മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറുവശത്ത് കെ സി വേണുഗോപാലിന് പിന്തുണ ഉറപ്പാക്കാന്‍ കര്‍ണാടക ന്യൂനപക്ഷക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് പാണക്കാട്ടെത്തി ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.

മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. ബെന്നി ബെഹ്നാനും കൊടിക്കുന്നില്‍ സുരേഷും സാധ്യതാപട്ടികയിലുണ്ടെന്നാണ് വിവരം. നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് എത്തുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ സജീവമായത്.

You may also like