വയനാട്: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാത നിർമാണം ഊർജിതമാക്കി. കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയതിനു പിന്നാലെയാണ് പ്രവൃത്തികൾ വേഗത്തിലാക്കിയത്.
സ്റ്റേറ്റ് എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി, കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ അധികൃതർ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയത്. പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിലാണ് തുരങ്കപ്പാത നിർമിക്കുന്നത്. 1957 മുതൽ 1965 വരെയുള്ള കാലയളവിൽ വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യയിൽ ചുറ്റുമുള്ള പാറക്കെട്ടുകളുടെ സ്വാഭാവിക ശക്തിയെ ആശ്രയിച്ചാണ് തുരങ്കത്തിന് പ്രാഥമിക പിന്തുണ നൽകുന്നത്.
കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നും വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്നുമായി ഒരേസമയം തുരന്ന് നീങ്ങുന്ന രീതിയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. വലതുവശത്തെ തുരങ്കത്തിന്റെ നിർമാണമാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഉടൻ തന്നെ ഇടതുവശത്തെ തുരങ്ക നിർമാണവും തുടങ്ങുമെന്ന് നോഡൽ ഓഫീസറും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുമായ വി.കെ. ഹാഷിം അറിയിച്ചു.
തുരങ്കത്തിന്റെ പ്രവേശന ഭാഗത്തെ പാറ ഏഴ് തട്ടുകളായി തിരിച്ച് താഴേക്ക് കൊണ്ടുവന്നാണ് തുരങ്കമുഖം രൂപപ്പെടുത്തിയിരിക്കുന്നത്. തുരങ്കപ്പാതയുമായി ബന്ധപ്പെട്ട ഒരു പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നതായും മറ്റൊരു പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
തുരങ്കത്തിന്റെ ആരംഭ മേഖലയായ കുണ്ടൻതോട്ടിലേക്ക് കടക്കാനുള്ള പാലത്തിന്റെ നിർമാണം കാലവർഷത്തിന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നാല് വർഷത്തിനകം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

