കുവൈത്ത് സിറ്റി: വൻ കള്ളപ്പണ വെളുപ്പിക്കൽ കേസിലും അനധികൃത മദ്യവ്യാപാര ശൃംഖലയിലും പ്രതിയായ ഇന്ത്യൻ പൗരനെ യുഎഇയിൽ നിന്ന് കുവൈത്തിലേക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തും യുഎഇയും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
433.7 മില്യൺ കുവൈത്തി ദിനാറിന്റെ സാമ്പത്തിക ഇടപാടുകളാണ് പ്രതിക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഇയാൾക്ക് 10 വർഷം കഠിന തടവും തുടർന്ന് നാടുകടത്തലും കോടതി വിധിച്ചിരുന്നു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സ്വത്തുക്കളും പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ഇന്റർപോളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ നീക്കങ്ങൾ കണ്ടെത്തിയത്. അബുദാബി ഇന്റർപോൾ, ദുബായ് ക്രിമിനൽ സെക്യൂരിറ്റി ഓഫീസ്, കുവൈത്തി ഇന്റർപോൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
കുവൈത്തിൽ അനധികൃതമായി മദ്യവ്യാപാരം നടത്തിയ സംഘടിത ശൃംഖലയുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ വ്യാപാരത്തിലൂടെ ലഭിച്ച പണം വിവിധ സാമ്പത്തിക ഇടപാടുകൾ വഴി മറച്ചുവയ്ക്കാൻ ശ്രമിച്ചതായും കണ്ടെത്തി.
157 ഏഷ്യൻ പൗരന്മാരെ ഉപയോഗിച്ച് 13 എക്സ്ചേഞ്ച് കമ്പനികളിലൂടെ 254 സാമ്പത്തിക ഇടപാടുകളാണ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ‘കുടുംബ ചെലവ്’ എന്ന പേരിൽ ചെറിയ തുകകളായി വിദേശത്തേക്ക് പണം അയച്ച് സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങളെ വെട്ടിക്കാൻ ശ്രമിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയെ പിടികൂടുന്നതിനും കോടതി വിധി നടപ്പാക്കുന്നതിനും യുഎഇ അധികൃതർ നൽകിയ സഹകരണത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു. സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

