തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മദ്യബ്രാൻഡുകളുടെ വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ 500 മില്ലി കുപ്പികൾക്ക് 10 രൂപ വീതമാണ് കുറച്ചത്. ചില ബ്രാൻഡുകളുടെ ഒരു ലിറ്റർ കുപ്പികൾക്ക് 20 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്. കൂടാതെ ചില ഉൽപ്പന്നങ്ങൾക്ക് 30 മുതൽ 50 രൂപ വരെയും കുറവ് വരുത്തിയതായി ബീവറേജ് കോർപ്പറേഷൻ അറിയിച്ചു.
വിലക്കുറവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാനത്തെ ബീവറേജ് ഷോപ്പുകളിൽ എത്തിച്ചുകഴിഞ്ഞു. സോഫ്റ്റ്വെയറുകളിലും പുതിയ നിരക്കുകൾ പുതുക്കി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലക്കുറവ് നടപ്പിലാക്കിയതെന്നാണ് ബീവറേജ് കോർപ്പറേഷന്റെ വിശദീകരണം.

