തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി (എസ്.സി), പട്ടികവർഗ്ഗ (എസ്.ടി) വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരിട്ടുള്ള നിയമനമായിരിക്കും നടത്തുക.
ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പി.എസ്.സി, സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് നിയമനം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം.
18 മുതൽ 45 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 രൂപ മുതൽ 50,200 രൂപ വരെ ശമ്പളം ലഭിക്കും.
പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് സ്വന്തം പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 1 ആണ്.
തസ്തിക, യോഗ്യത, സംവരണ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പി.എസ്.സിയുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.

