Home National‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’; മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി, പൂജാരി ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’; മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി, പൂജാരി ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ

by news_desk1
0 comments

ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് തന്നെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരി ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. പ്രത്യേക ദർശനം ഒരുക്കുന്നതിനായി ദേവസ്വം മന്ത്രി എസ്. രമേശിനോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവമാണ് വലിയ വിവാദമായത്.

മന്ത്രിയാണെന്ന് തിരിച്ചറിയാതെയായിരുന്നു പൂജാരി അയ്യപ്പൻ അയ്യർ പണം ആവശ്യപ്പെട്ടത്. കൈയിൽ പണമില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ ഗൂഗിൾ പേ വഴി തുക അയക്കാമെന്ന് നിർദേശിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 31കാരനായ മന്ത്രി മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിലെത്തിയത്. അതുകൊണ്ടുതന്നെ ക്ഷേത്ര ജീവനക്കാർക്കും പൂജാരിമാർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

അന്നദാന വിതരണ കേന്ദ്രത്തിനടുത്തെത്തിയപ്പോഴാണ് മന്ത്രിയെ മറ്റു ചിലർ തിരിച്ചറിഞ്ഞത്. ഇതോടെ പൂജാരിമാർ മന്ത്രിയോട് മാപ്പപേക്ഷ സമർപ്പിച്ചു. ക്ഷേത്രങ്ങളിൽ കൈക്കൂലി അനുവദിക്കില്ലെന്ന് മന്ത്രി കടുത്ത മുന്നറിയിപ്പും നൽകി.

എന്നാൽ, സംഭവത്തിൽ പൂജാരിമാർക്കെതിരെ ഉടൻ നടപടി എടുക്കാതെ മാപ്പ് നൽകി വിട്ടയച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്ഷേത്രങ്ങളിലെ അഴിമതിക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന വിമർശനവും ശക്തമായി.

വിവാദം കടുത്തതോടെ വിശദീകരണവുമായി മന്ത്രി എസ്. രമേശ് രംഗത്തെത്തി. മാപ്പപേക്ഷയല്ല, സംഭവത്തെക്കുറിച്ചുള്ള വിശദീകരണമാണ് എഴുതി വാങ്ങിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെയാണ് പൂജാരി അയ്യപ്പൻ അയ്യർ ഉൾപ്പെടെ മൂന്നുപേരെ സസ്പെൻഡ് ചെയ്ത് ദേവസ്വം വകുപ്പ് ഉത്തരവിറക്കിയത്.

You may also like