കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരൂഹതകൾ നിറഞ്ഞു നിന്നിരുന്ന ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലാകുമ്പോൾ ഉടഞ്ഞു വീഴുന്നത് ലക്ഷക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ വിശ്വാസമാണ്. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭമണ്ഡലവും കൊള്ളയടിച്ച കേസിലാണ് പതിമൂന്നാം പ്രതിയായി പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നത്. ശബരിമല ക്ഷേത്രത്തിൻ്റെ താന്ത്രികാവകാശം ആദിമകാലം തൊട്ട് അനുവദിച്ചു കിട്ടിയിട്ടുള്ള ചെങ്ങന്നൂർ താഴ്മൺ കുടുംബത്തിലെ നിലവിലെ കാരണവർ കൂടിയായ രാജീവര് കേസിനാസ്പദമായ സംഭവം നടക്കുന്ന 2019 ൽ വിജയ് മല്യ സ്വർണം സ്വർണ്ണം പൊതിഞ്ഞ 1998-99 കാലഘട്ടത്തിലും തന്ത്രിയായിരുന്നു. ആ നിലയ്ക്ക് ക്ഷേത്രത്തിലും ദേവസ്വം ബോർഡിലും രാജീവർക്കുള്ള അധികാരവും സ്വാധീനവും ഉപയോഗിച്ച് സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം അപഹരിച്ചു കൊണ്ടുപോകുന്നതിന് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായതുമാണ് രാജീവരുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള എസ്.ഐ.ടി യുടെ കണ്ടെത്തൽ. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് നേതൃത്വത്തിൽ ആറുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണക്കൊള്ളാൻ കേസിലും രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും. രാജീവര് തന്ത്രി സ്ഥാനത്ത് ഉണ്ടായിരുന്ന 2019 മെയ് 14 മുതൽ 19 വരെ ഉള്ള കാലയളവിൽ ആണ് ശ്രീകോവിലിൻ്റെ വാതിലിൻ്റെ കട്ടിള പാളികളും പ്രഭമണ്ഡലവും പോറ്റിക്ക് കൈമാറിയത്. 2019 മെയ് 18നാണ് പോറ്റിയുടെ കൈകളിൽ ഇത് എത്തിച്ചേർന്നത്. ക്ഷേത്രത്തിൻ്റെ എല്ലാ പ്രവർത്തികളെ സംബന്ധിച്ചു നേരിട്ടും അല്ലാതെയും അറിവുള്ള വ്യക്തിയാണ് തന്ത്രി സ്ഥാനം വഹിച്ചിരുന്ന കണ്ഠര് രാജീവര്. ശ്രീകോവിലിൽ നിന്ന് ഇതെല്ലാം ഉണ്ണികൃഷ്ണൻ പോറ്റി അടിച്ചെടുത്തു കൊണ്ടുപോകുന്ന മെയ് മാസം 19 ആം തീയതി തന്ത്രി ശ്രീകോവിലിൽ പൂജകൾ നടത്തിയിരുന്നു അതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ പാളികൾ ഇളക്കുമെന്നതിനെക്കുറിച്ചും തന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. താൻ നിരപരാധിയാണെന്നാണ് അറസ്റ്റിനുശേഷം രാജീവര് മാധ്യമങ്ങളോടായി പറഞ്ഞത്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് സംഭവം നടന്ന കാലയളവിലെ തന്ത്രി കൂടിയായ രാജീവര് തൻ്റെ അനുമതിയോടെ അല്ല കട്ടളപ്പാളികളും പ്രഭാമണ്ഡലവും ഇളക്കിക്കൊണ്ട് പോയതെന്ന് ദേവസ്വം ബോർഡിലെ രേഖാമൂലം അറിയിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ രാജീവര് ബാധ്യസ്ഥനാണ്.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയോ സംരക്ഷിക്കാനോ അല്ലെങ്കിൽ ആരെയോ ഭയന്നിട്ടോ ആണ് അന്ന് അങ്ങനെയൊരു എതിർപ്പ് രാജീവര് പ്രകടിപ്പിക്കാതിരുന്നതെന്ന് ഉറപ്പാണ്. കേസിൽ ആദ്യഘട്ടങ്ങളിൽ അറസ്റ്റിലായ ആ കാലഘട്ടത്തിലെ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ പത്മകുമാർ അറസ്റ്റാനന്തരം തുറന്നുപറഞ്ഞ് ആ ദൈവതുല്യൻ അപ്പോൾ തന്ത്രിയല്ലേ എന്നുള്ള സംശയവും ബാക്കിനിൽക്കുന്നുണ്ട്. രാജ്യത്തിന്റെ തന്നെ മതേതരത്വത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ ശബരിമലയിൽ ഇത്തരമൊരു അനീതി ഉണ്ടെന്ന് മനസ്സിലാക്കിയിട്ടും കൺമുന്നിൽ അത് നടന്നിട്ടും ദേവഹിതം എന്തെന്നാണ് ആത്മീയമായ ധ്യാനത്തിലൂടെ മനസ്സിലാക്കാൻ കഴിവും കാര്യപ്രാപ്തിയും ഉള്ള അത് നിർവഹിക്കാൻ ബാധ്യസ്ഥനുമായ വേദപണ്ഡിതനും തന്ത്രിയുമായ രാജീവര് മൗനാനുവാദം നൽകിയതിലൂടെ കൊള്ളയേക്കാൾ വലിയൊരു അപരാധമാണ് ചെയ്തിരിക്കുന്നത്.
ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത വീഴ്ചയാണ് രാജീവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ക്ഷേത്ര പുനരുദ്ധാരണം നടക്കുന്ന ഏത് ദൈവ സന്നിധിയിലും പ്രതിഷ്ഠയുടെ അനുവാദം വാങ്ങേണ്ടതായിട്ടുള്ള താന്ത്രികമായ നടപടിക്രമങ്ങൾ ഉണ്ട് അതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാണ്. അതിൽ സംഭവിച്ച ഏറ്റവും വലിയ പിഴവാണ് രേഖാമൂലം അനുജ്ഞ നൽകേണ്ടതും നൽകാത്തതും. കട്ടിളപ്പാളിയും പ്രഭാമണ്ഡലവും പുനരുദ്ധാരണത്തിനു ശേഷവും തിരിച്ചെത്തിയിട്ടില്ല എന്ന് 2019 ജുൺ മാസം 15ന് മിഥുനമാസ പൂജയ്ക്ക് നട തുറന്നപ്പോൾ തന്ത്രിക്ക് അറിയാമായിരുന്നു.
ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്രമുതൽ അത് വഴിപാടായി ലഭിച്ചതോ അല്ലാത്തതോ ഏതു തന്നെയായാലും ക്ഷേത്ര പരിസരത്ത് വച്ച് തന്നെയാണ് ഉപയോഗിക്കേണ്ടതും പുനരുദ്ധാരണം നടത്തേണ്ടതും. കൈമാറാനോ ക്ഷേത്രപ്രദേശം വിട്ട് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് സാങ്കേതികമായോ നിയമപരമായോ ആർക്കും തന്നെ അവകാശമില്ല.
കൃത്യമായ ഗൂഢാലോചനയുടെയും വഴിവിട്ട ഇടപെടലുകളുടെയും രത്ന ചുരുക്കമാണ് ശബരിമല സ്വർണ്ണ കൊള്ള കേസ് എന്ന് തന്ത്രിയുടെ അറസ്റ്റോടെ ബോധ്യപ്പെട്ടിരിക്കുന്നു. പക്ഷേ ഇനിയും സംശയങ്ങൾ ബാക്കിയുണ്ട്. വ്യക്തത വരുത്തേണ്ടതായിട്ടുള്ള പല കാര്യങ്ങളും ഉണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് മാത്രമല്ല ഇതിൽ പങ്ക്. ഉന്നതമായ ഒത്താശകൾ പലരും ചെയ്ത് നൽകിയിട്ടുണ്ട്. അത് ആരാണ് എന്താണെന്നും പുറത്തു വരണം. അന്വേഷണം സുതാര്യവും സത്യസന്ധവുമാവണം. പണത്തിന്റെയും ഭരണാധികാരത്തിന്റെയും മറവിൽ ഒരുപറ്റം ആളുകൾ നേതൃത്വം നൽകിയ സാമൂഹ്യ ദ്രോഹമാണ് ശബരിമല സ്വർണ്ണ കൊള്ള വിശ്വാസങ്ങളുടെയും ആചാരത്തിന്റെയും മറവിൽ ജനസമൂഹത്തെ മുഴുവൻ വിഡ്ഢികളാക്കി ലാഭം കൊയ്യാൻ നടത്തുന്ന ബിസിനസ് മേഖലകളായി ക്ഷേത്രങ്ങൾ മാറുന്നത് വരുന്ന കാലത്തിന്റെ ആശങ്കയാണ്. ദൈവത്തിൻറെ സേവകർ തന്നെ അതിൽ പ്രതികളാക്കപ്പെടുമ്പോൾ ധർമ്മം സംരക്ഷിക്കാൻ നീതിപുലരാൻ ജനത ഇനി എങ്ങോട്ടാണ് പോകേണ്ടത്. സത്യമേവ ജയതേ…

