നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് ദീർഘമായ ഇടവേളയ്ക്ക് ശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മാധ്യമങ്ങളെ കാണുന്നത് അതൊരു നിലപാട് പ്രഖ്യാപനത്തിന് കൂടിയാണ്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ നിലപാടിലുള്ള മറുപടിയാകും എന്ന് കരുതിയവർക്കും മുന്നിൽ മറ്റൊരു രാഷ്ട്രീയ ചുവടുവെപ്പായിരുന്നു സുകുമാരൻ നായർ നടത്തിയത്,അതും വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ട് മണിക്കൂറിനകം രണ്ടുപേരും പറഞ്ഞുവെച്ചതും കുന്തമുന നീട്ടിയത് ഒരാൾക്ക് നേരെ മാത്രം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ. രണ്ടുപേരും പ്രശംസിച്ചത് രണ്ടുപേരെ മാത്രം മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയെയും. അവധിയുടെ ആലസ്യത്തിലാവേണ്ട ഒരു ഞായറിനെ രാവിലെത്തന്നെ ചൂട് പിടിപ്പിച്ച് രംഗത്തുവന്നത് കേരളത്തെ തന്നെ പ്രബലമായ രണ്ട് സമുദായ സംഘടന നേതാക്കളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അവരുടെ ഭാഗത്തുനിന്നുണ്ടായ വാക്കുകൾക്ക് സമാനതകളേറെയാണ്. കാരണം അവർ ഉയർത്തിയ ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കുമെല്ലാം ഒരേ ഒരു ലക്ഷ്യമേയുള്ളൂ. എന്തായിരിക്കും അതിൻറെ കാരണം ആരായിരിക്കും അതിന്റെ പിന്നിൽ ആ ചോദ്യത്തിന് സമകാലീന കേരളീയ രാഷ്ട്രീയ പരിസരത്തിൽ വലിയ പ്രസക്തിയുണ്ട്. ഈ ചോദ്യം രാഷ്ട്രീയം നിരീക്ഷിക്കുന്ന സാധാരണക്കാരുടെ ഭാഗത്തുനിന്ന് പോലും ഇന്നലെ ഉണ്ടായിട്ടുണ്ടാവാം. വെള്ളാപ്പള്ളി നടേശൻ ഏറെ നാളായി ദിവസങ്ങളേന്നോണം മാധ്യമങ്ങളെ കാണുമ്പോൾ വി.ഡി സതീശനെതിരെ രൂക്ഷമായ ആക്രമണങ്ങൾ നടത്തുക പതിവുള്ളതാണ്. ഇടയ്ക്ക് അതിരുവിട്ട പദപ്രയോഗങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ ജി സുകുമാരൻ നായർ അങ്ങനെ മാധ്യമങ്ങളെ കാണുന്ന പതിവുള്ള ആളല്ല. അതിരുവിട്ട പ്രയോഗങ്ങളിലേക്ക് അദ്ദേഹം കടക്കാറുമില്ല.
പക്ഷേ ഇന്നലെ സതീശനെ രണ്ടുപേരും വളഞ്ഞിട്ട് ആക്രമിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന് ആശ്വാസം പകരുന്നതാണ് ഇരുവരുടെയും ഈ പ്രവൃത്തിയെങ്കിലും പൊതു സമൂഹം അങ്ങനെ കരുതുമെന്ന് തോന്നുന്നില്ല.സമുദായ സംഘടന നേതാക്കൾ പറഞ്ഞയിടത്ത് കുത്തുന്ന കാലം ഒക്കെ എന്നെ പോയിക്കഴിഞ്ഞതാണ്.ആ കാലത്തിൻറെ അല്ലെങ്കിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ അതെല്ലാം പ്രകടമായി കണ്ടതുമാണ്. തങ്ങളുടെ അധികാരവും സ്വാധീനവും കൈവിട്ടുപോകുമെന്ന് ഭയമോ അല്ലെങ്കിൽ ഒരു ചാണക്യ സൂത്രമോ എടുത്ത് പ്രയോഗിച്ചതാക്കാം.ദ്രണായകമായ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് എൻ.എസ്.എസ്-എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിമാരുടെ പരസ്യമായി കൈകോർത്തുള്ള വരവ്.ഇതിനതാകരമായ വിഷയം മതേതരത്വവും ഐക്യപ്പെടലുമാണ്. എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യപ്പെടലിനെ തുരങ്കം വെച്ചത് ലീഗ് ആണെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രയോഗവും സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ല എന്ന് പ്രഖ്യാപിച്ച മഹാൻ സഭാ സിനഡ് നടക്കുന്ന സമയത്ത് ഔദ്യോഗിക വാഹനം ഒഴിവാക്കി സഭാ നേതാക്കളെ കാണാൻ പോയതിനെ കുറിച്ചുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയും ചേർത്തുവച്ചു വായിക്കേണ്ടതാണ്. കൃത്യമായ തിരക്കഥയുടെ പിൻബലത്തിൽ നിന്നുകൊണ്ടുള്ള വ്യക്തമായ ലക്ഷ്യത്തെ നിർത്തിയുള്ള പരസ്യ പോരാണ് പ്രതിപക്ഷ നേതാവിനെതിരെ നായരും നടേശനും നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാണ്.
രാഷ്ട്രീയപരമായി ഈ വിഷയത്തെ നോക്കിക്കാണുമ്പോൾ വി.ഡി സതീശനെ പൊതുശത്രുവാക്കി ലാഭം കൊയ്യാൻ ശ്രമിക്കുന്നതും ശ്രമിക്കേണ്ടതുമായ ആവശ്യമുള്ളത് രണ്ടേ രണ്ടു കൂട്ടർക്ക് മാത്രമേയുള്ളൂ ഒന്ന് പിണറായി വിജയനും രണ്ട് കോൺഗ്രസ്സിനകത്തെ സതീശൻ വിരുദ്ധ ചേരിക്കും. ആത്യന്തികമായി കോൺഗ്രസിന്റെ സമീപകാല അനുഭവങ്ങൾ പരിശോധിക്കുമ്പോൾ ഇത്തരം പരസ്യ യുദ്ധങ്ങളുടെയൊക്കെ പിറകിൽ കോൺഗ്രസിലെ, ചേരിപ്പോരാകാനുള്ള സാധ്യതയാണ് കൂടുതൽ. ഇന്നലെകളിലും ഇന്നും ഇനി വരാനിരിക്കുന്ന കാലവും ഭരണപക്ഷത്തേക്കാൾ പ്രതിപക്ഷത്തേക്കാൾ രൂക്ഷമായ സംഘർഷ സാധ്യതയും വിഭാഗീയതയും കൊടികുത്തി വാഴാൻ പോകുന്നത് നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ കോൺഗ്രസിൽ ആയിരിക്കും. വി.ഡി സതീശൻ എന്ന പ്രതിപക്ഷനേതാവിന് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടിയ അധികാരത്തിലേക്ക് പാർട്ടിയെ എത്തിക്കാൻ ആകുമെന്നുള്ള ആത്മവിശ്വാസ വാക്കുകളിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആവേശവും ആത്മവിശ്വാസവും സതീശനെ കോൺഗ്രസിനുള്ളിലെ പകരക്കാരൻ അല്ലാത്ത അമരക്കാരനാക്കി മാറ്റുമോ എന്നുള്ള ആശങ്ക കോൺഗ്രസിലെ പലർക്കുമുണ്ട്. അവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായരും നടത്തുന്ന സതീശ വിരുദ്ധ പ്രസ്താവനകൾക്ക് മൗനാനുവാദവും പിന്തുണയും നൽകുന്നുണ്ട്.
അടുത്തകാലത്തൊന്നും കോൺഗ്രസിൽ സമുദായ നേതാക്കളാൽ ആക്രമിക്കപ്പെടുന്ന നേതാക്കൾ ഉണ്ടായിട്ടില്ല. എല്ലാവരെയും ഒരുപോലെ കൊണ്ട് നടന്നിരുന്ന കെ കരുണാകരന് ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിന്റെയും യു.ഡി.എഫ് രാഷ്ട്രീയത്തിന്റെയും നേതൃനായകനായി കടന്നുവന്നവർ സമുദായ നേതാക്കൾക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിച്ചു നൽകിയത് മുതലാണ് ഇത്തരത്തിലുള്ള പ്രസ്താവനകളും നിലപാടുകളുമായി അവരെല്ലാം രംഗത്തെത്താൻ തുടങ്ങിയത്. സതീശൻ എതിരെയുള്ള വാക്കുകൾ ആസൂത്രിതമാണെങ്കിൽ അതിനെയെല്ലാം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ നാടിനെ ഭിന്നിപ്പിക്കാനുള്ള സമുദായത്തിന്റെ മറവിൽ ജനാധിപത്യത്തെ ആജ്ഞാപിക്കുകയും അധികാര കേന്ദ്രങ്ങളിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർ നാടിന്. ബാധ്യതയാണ് ഭീഷണിയാണ്

