സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണ്. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും ഉണ്ടാകുമ്പോളും വ്യക്തിപരമായ സൗഹൃദങ്ങൾ മാതൃകാപരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന രീതിയാണ് കേരളത്തിലെ രാഷ്ട്രീയ രംഗത്ത് പൊതുപ്രവർത്തകർ സാധാരണയായി അവലംബിക്കാറ്.
ഇത്തരം കാര്യങ്ങളെയെല്ലാം പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കാറുള്ള പറയാറുള്ള വി.ഡി സതീശൻ ഇന്നലെ നടത്തിയ പ്രസംഗം തികച്ചും അൺ പാർലമെന്ററിയാണ്. അണികളിൽ ആവേശം വിതറാനും സാമൂഹ്യ മാധ്യമങ്ങളിൽ ബി.ജി.എം ചേർത്തുള്ള വീഡിയോകൾ സൃഷ്ടിക്കാനായും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്നുകൊണ്ട് തികച്ചും മോശമായ രീതിയിലുള്ള പരാമർശങ്ങൾ സതീശൻ നടത്തിയത് തിരുത്താൻ അദ്ദേഹം തയ്യാറാക്കണം. നേരത്തെയും വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടിക്കെതിരെ വിമർശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഇന്നലെകളിലെ പല കാര്യങ്ങളും സൂചിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന സതീശനെ കേരളം കേട്ടിട്ടുണ്ട്. കേരളത്തിൽ ഒരു മഹത്തായ പാരമ്പര്യം എല്ലാത്തരം അഭിപ്രായവ്യത്യാസങ്ങൾക്കും അപ്പുറം സാംസ്കാരികമായി പുലർത്തുന്ന ഔന്നിത്യം എന്നിവയെല്ലാം ഉണ്ട്. അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് യാതൊരു കാരണവശാലും അംഗീകാരിക്കാനാവില്ല.
വിമർശിക്കുന്നവരെ പോലും പരസ്യമായി ചേർത്തു നിർത്തി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ രാഷ്ട്രീയ പാരമ്പര്യം. കഴിഞ്ഞ ദിവസമാണ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിനെതിരെ സമൂഹമാധ്യമത്തിൽ ലീഗ് പ്രവർത്തകൻ കുറിച്ച ശാരീരിക വൈകല്യത്തെ ചൂണ്ടി അധിക്ഷേപ പരാമർശം. പക്ഷേ, പരാതിയില്ലെന്നും തിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞ ലീഗ് പ്രവർത്തകനെ ചേർത്ത് നിറുത്തിയ എം.എൽ.എയുടെ പ്രവൃത്തി മാതൃകാപരമാണ്. ഏറെ നാളായിട്ടില്ല, മന്ത്രി ശിവൻകുട്ടിയുടെ തന്നെ കൈ വിറയൽ അസുഖത്തെ കളിയാക്കി സമൂഹമാധ്യമത്തിൽ രാഷ്ട്രീയ എതിരാളികളുടെ അധിക്ഷേപമുണ്ടായത്. നേരത്തെ സഭയിൽ മന്ത്രി ജി.ആർ അനിലുമായുള്ള വാക്പ്രയോഗത്തിൽ തനിക്ക് സംഭവിച്ച പിഴവിനെ സഭയിൽ തന്നെ ഖേദം പ്രകടിപ്പിച്ച മാതൃക പ്രതിപക്ഷ നേതാവിൽ നിന്നും കേരളം കണ്ടിട്ടുണ്ട്.
സമൂഹമാധ്യമത്തിലെ മുഖമില്ലാത്ത ചാവേറുകൾ പോലെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന നേതാക്കൾ പെരുമാറുന്നത് ശരിയല്ലാത്തതാണ്. വാക്കിലും പ്രവൃത്തിയിലും എല്ലാവർക്കും അനുകരണീയമായ സാന്നിധ്യമായി നിലകൊള്ളേണ്ടവരാണ് പൊതുപ്രവർത്തകർ. പുത്തൻ തലമുറയ്ക്ക് മുന്നിൽ കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം ചൂണ്ടിക്കാണിക്കേണ്ടവർ തന്നെ തെറ്റായ രീതിയിൽ പെരുമാറുന്നത് ദൗർഭാഗ്യകരമാണ്. നേരത്തെ പല നേതാക്കളും ഇതേ രീതിയിൽ പലരെക്കുറിച്ച് സംസാരിച്ചപ്പോഴും ആഞ്ഞടിച്ചിരുന്ന മാധ്യമങ്ങൾ ഇതിൽ പുലർത്തുന്ന മൗനവും എല്ലാവർക്കും എല്ലാം ബോധ്യപ്പെടുത്തി നൽകുന്നുണ്ട്. വ്യക്തിപരമായ അഭിമാനം അന്തസ്സ് മനുഷ്യർക്ക് എല്ലാം ഒരുപോലെയാണ് ഒരാളുടെ മൂക്കിൽ തുമ്പിൽ വരെ മാത്രമേ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വാൾമുന നീണ്ടുപോകാൻ പാടുള്ളൂ അതിനപ്പുറം അത് നീങ്ങിയാൽ അത് മാപ്പർഹിക്കാത്ത അപരാധമാണ്. ആയുധം കൊണ്ട് ഏൽപ്പിക്കാവുന്ന മുറിവിനേക്കാൾ വലുതാണ് വാക്ക് കൊണ്ട് നൽകുന്ന മുറിവ് എന്നോർക്കുന്നത് നന്നായിരിക്കും. ഇനിയും അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നില്ല നമ്മുടെ രാഷ്ട്രീയ രംഗം കൂടുതൽ കൂടുതൽ മലിനമാക്കപ്പെടും.

