പാരിസ് . ലോകവേദിയില്‍ യൂറോപ്പ് ശക്തമായി സ്വയം നിലയുറപ്പിക്കണമെന്നും ലോകശക്തിയായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ചൈന, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ യൂറോപ്പ് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ, ധനകാര്യം, പ്രതിരോധം, സുരക്ഷ, ജനാധിപത്യ സംവിധാനം തുടങ്ങിയവയെ സംബന്ധിച്ചുള്ള വിഷയമാണിതെന്നും ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ഈയാഴ്ച ബ്രസ്സൽസിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായാണ് മാക്രോണിന്റെ പ്രതികരണം.
വ്യാവസായിക നിക്ഷേപത്തിനായി നൂറുകണക്കിന് ബില്യൺ യൂറോ സമാഹരിക്കുന്നതിനായി സംയുക്ത വായ്പാ പദ്ധതി വേണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. നമ്മുടെ ഭാവി ചെലവുകൾക്കായി ഒരു പങ്കാളിത്തവായ്പാസമാഹരണത്തിനുള്ള സമയം വന്നിരിക്കുന്നു. ഭാവിക്ക് വേണ്ടിയുള്ള യൂറോബോണ്ടുകൾ. മികച്ച പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് വലിയ യൂറോപ്യൻ പദ്ധതികൾ നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിന് സന്തുലിതമായ ഒരു മാതൃക ഒരിക്കലും ഉണ്ടായിട്ടില്ലെന്ന കാര്യം മാക്രോൺ അംഗീകരിച്ചു. പോർച്ചുഗൽ, സ്പെയിൻ, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിൽ 2010-കളിൽ ആരംഭിച്ച പരിഷ്കരണങ്ങൾ പോലുള്ളവ നമുക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.ലോകവിപണികൾ അമേരിക്കൻ ഡോളറിനെ ഭയക്കുന്നു. അതിന് ബദലുകൾ വേണം. എല്ലാ നിക്ഷേപകർക്കും ജനാധിപത്യ നിയമവാഴ്ച ഒരു വലിയ ആകർഷണമാണ്. ഞാൻ കാണുന്നതിൽ ഒരുവശത്ത് ചൈന എന്ന ഏകാധിപത്യ ഭരണകൂടവും മറുവശത്ത് നിയമവാഴ്ചയിൽ നിന്ന് കൂടുതൽ അകന്നുപോകുന്ന യുഎസും ഉണ്ടെന്നും മാക്രോൺ വ്യക്തമാക്കി.
27 അംഗ യൂറോപ്യൻ യൂണിയന് സുരക്ഷ, പ്രതിരോധം, ശുദ്ധമായ ഊർജ്ജം, എഐ തുടങ്ങിയ നിർണായക മേഖലകളിൽ നിക്ഷേപം നടത്താൻ പ്രതിവർഷം 1.2 ട്രില്യൺ യൂറോ ആവശ്യമാണെന്നാണ് മാക്രോൺ വ്യക്തമാക്കി. ലോകത്തിലെ അരാജകത്വത്തിൽ യൂറോപ്പ് വലിയ വെല്ലുവിളി നേരിടുന്നുവെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
ഗ്രീൻലൻഡിനെ ചൊല്ലിയുള്ള അമേരിക്കയുമായുള്ള ഏറ്റവും പുതിയ സംഘർഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലൻഡ് വിഷയത്തിൽനിന്ന് പിന്മാറിയതായി തോന്നിപ്പിക്കുന്നതാണെന്നും യൂറോപ്യന്മാർ വഞ്ചിക്കപ്പെടരുതെന്നും മാക്രോൺ പറഞ്ഞു. ട്രംപിനെ ഒറ്റനിമിഷത്തേക്കു പോലും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
