Home Nationalസിപിഐഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു; ടിഎംസിയിലേക്കോ?.

സിപിഐഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു; ടിഎംസിയിലേക്കോ?.

by news_desk
0 comments

കൊല്‍ക്കത്ത. ബംഗാളില്‍ സിപിഐഎമ്മിന് തിരിച്ചടി. യുവനേതാവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖവുമായ പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രതികുര്‍ റഹ്‌മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് സംസ്ഥാനത്തെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

രാജിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പ്രതികുര്‍ റഹ്‌മാന്‍ തയ്യാറായില്ല. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയും, പുറത്ത് പറയാനില്ലെന്നാണ് പ്രതികുര്‍ റഹ്‌മാന്റെ പ്രതികരണം. അതേ സമയം പ്രതികുര്‍ റഹ്‌മാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സിപിഐഎം വൃത്തങ്ങള്‍ പറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹുമയൂണ്‍ കബീറുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചര്‍ച്ച നടത്തിയതില്‍ പ്രതികുര്‍ റഹ്‌മാന് വിയോജിപ്പുണ്ടെന്നാണ് വിവരം. ഈ നീക്കത്തിനെതിരെ പ്രതികുര്‍ റഹ്‌മാന്‍ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു.

സൗത്ത് 24 പര്‍ഗാന ജില്ലയില്‍ നിന്നുള്ള പ്രതികുര്‍ റഹ്‌മാന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്കെതിരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

എസ്എഫ്‌ഐയില്‍ നിന്ന് പാര്‍ട്ടി രംഗത്തേക്ക് വന്ന പ്രതികുര്‍ റഹ്‌മാനെ കര്‍ഷക സംഘടന രംഗത്തേക്കാണ് നിയോഗിച്ചത്. ജില്ലാ തലത്തില്‍ തന്നെ ഒതുക്കാന്‍ ശ്രമം നടന്നെന്ന് പ്രതികുര്‍ റഹ്‌മാന് പരാതിയുണ്ടായിരുന്നു.

കഴിഞ്ഞ ജില്ലാ സമ്മേളനം മുതല്‍ക്കേ പാര്‍ട്ടി നേതൃത്വവുമായി പ്രതികുര്‍ റഹ്‌മാന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി ഒരു മുതിര്‍ന്ന സിപിഐഎം നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പുതുതായി രൂപീകരിച്ച ജില്ലാ കമ്മിറ്റിയില്‍ നിന്ന് പ്രതികുര്‍ റഹ്‌മാനും മറ്റ് നേതാക്കളും രാജിവെച്ചിരുന്നു. പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികുര്‍ റഹ്‌മാനും മറ്റുള്ളവരും രാജി പിന്‍വലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അതേ സമയം പാര്‍ട്ടിക്ക് വേണ്ടി പോരാടിയ ഓരോ സഖാവും പ്രധാനമാണ്. പ്രതികുര്‍ റഹ്‌മാന്‍ അതിലൊരാളാണ്. അദ്ദേഹത്തിന്റെ രാജിയെ കുറിച്ച് പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. ഓരോ സഖാവിന്റെ രാജിയും ഞങ്ങള്‍ക്ക് നഷ്ടമാണ്’, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മിനാക്ഷി മുഖര്‍ജി പറഞ്ഞു.

You may also like