Home Editorialഅങ്ങനെ അവഗണിക്കേണ്ടയാളല്ല ജി.സുധാകരൻ

അങ്ങനെ അവഗണിക്കേണ്ടയാളല്ല ജി.സുധാകരൻ

by news_desk1
0 comments

പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും 63 വർഷം നീണ്ട സി.പി.എം അംഗത്വമുപേക്ഷിക്കുന്നുവെന്നും മുതിർന്ന നേതാവ് ജി.സുധാകരന്റെ സമൂഹമാധ്യമകുറിപ്പാണ് ഇന്നലെ രാഷ്ട്രീയ കേരളം ഏറെയും ചർച്ച ചെയ്തത്. 1967 ൽ വിദ്യാർഥിയായിരിക്കെ സി.പി.എമ്മിൽ അംഗത്വം നേടിയ നേതാവാണ് ജി സുധാകരൻ. പിന്നെ അവിടുന്ന് അങ്ങോട്ട് കെ.എസ്.എഫ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് തുടങ്ങിയ സംഘടനാ പദവികൾക്കൊപ്പം നാലുതവണ നിയമസഭാംഗം രണ്ടുതവണ സംസ്ഥാന മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളുടെ ചുമതല എന്നിങ്ങനെ കേരള രാഷ്ട്രീയത്തിന്റെ ചരിത്രം ഏത് കാലത്ത് എഴുതപ്പെട്ടാലും ഒഴിവാക്കാൻ ആകാത്ത വിധം ചേർന്ന് നിൽക്കുകയാണ് ജി സുധാകരൻ.

അങ്ങനെയൊരു മുതിർന്ന രാഷ്ട്രീയ നേതാവ് പരസ്യമായി പരിഭവങ്ങളും പരാതികളും ഉണ്ടെന്ന് പറയേണ്ട സാഹചര്യം ഉണ്ടായത് സംഘടനപരമായ വീഴ്ചയാണ്. രണ്ടാം ഭരണത്തിൻ്റെ തുടക്കം മുതൽ പാർട്ടിയുടെ ആശയാദർശങ്ങളിൽ വ്യതിചലിക്കുന്നു എന്ന തരത്തിൽ ഉള്ളിൽ നിന്ന് തന്നെ ഉയർന്നു വന്ന അപസ്വരങ്ങളും ഇത്തരം തെറ്റുകളുടെ ഭാഗമാണ്. രാജ്യം തന്നെ ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പ് വേദിയുടെ അരങ്ങ് ഉണരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു നേതാവ് പരസ്യമായി പാർട്ടി അംഗത്വം പുതുക്കുകയില്ലായെന്ന് പരസ്യമായി ആഞ്ഞടിക്കുമ്പോൾ പ്രതിപക്ഷം എന്നോ മറുപക്ഷമെന്നോ വേർതിരിവിനപ്പുറം ജനങ്ങൾക്ക് ഈ രീതിയോട് കടുത്ത വിയോജിപ്പുണ്ട്. മൂന്നാം ഭരണം എന്നതിനപ്പുറം ഇടതുപക്ഷത്തിൻ്റെ അടിത്തറയ്ക്കും സംഘ ബലത്തിനും ഇടിവ് സംഭവിക്കാതിരിക്കേണ്ടതും സുപ്രധാനമാണ്. അധികാരത്തിൻ്റെ മറവിൽ പാർട്ടിയെ രാഷ്ട്രീയ ആഭാസ നാടകത്തിന് ഉപയോഗിക്കുന്നവരെ തിരിച്ചറിയണം.

2022 ലെ പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നതല്ലാതെ ജി സുധാകരനെ പാർട്ടി ഒരു ഘട്ടത്തിൽ പരിഗണിക്കാതിരുന്നിട്ടില്ല. 56 വർഷത്തെ രാഷ്ട്രീയ ജീവിതം ജി. സുധാകരൻ എന്ന നേതാവിന് ദാനം കിട്ടിയതുമല്ല. നിരവധി സഖാക്കൾ ചോരയും നീരും കൊടുത്ത് വളർത്തി വലുതാക്കിയതാണ് അതും ഓർമ്മകൾ ഉണ്ടാവണം. പരിഹസിച്ചു വിമർശിച്ചു എന്നെല്ലാം പറയുമ്പോൾ ഇതും ഓർക്കണം. ഒന്നും പ്രതീക്ഷിക്കാതെ ഒരു സ്ഥാനവും ലഭിക്കാതെ രാപകലില്ലാതെ നടന്നവർ വഴികാട്ടികളായവർ അവരെ മറന്നുകൊണ്ട് തറവാട്ടിലെ കാരണവരുടെ ഭാവത്തിൽ ഞാനാണ് സർവ്വതുമെന്ന് നടിക്കുന്നതും തെറ്റും നാശത്തിലേക്കുള്ള വഴിവെട്ടലുമാണ്.

പ്രസ്ഥാനത്തിന് വഴി തെറ്റിയിട്ടുണ്ടെങ്കിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുകയും തിരുത്തലിനായി ഇടപെടുകയുമാണ് വേണ്ടത്. അതല്ലാതെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പാർട്ടിയെ പൊതുജന മധ്യത്തിൽ വിൽപ്പന ചരക്ക് പോലെ അന്തി ചർച്ചകൾക്കും സോഷ്യൽ മീഡിയ ചർച്ചകൾക്കും എറിഞ്ഞു കൊടുക്കുന്നത് ഒരു നല്ല സഖാവിന് ചേർന്ന പ്രവർത്തിയല്ല. ഏതു ഭരണ നേതൃത്വം അഴിമതി രഹിത പ്രതിച്ഛായയുടെ സുധാകരനെ ഉയർത്തിപ്പിടിക്കുന്നത് സത്യസന്ധമായ നിലപാടുകൾക്കൊപ്പം നല്ല സഖാവും ആയതു കൊണ്ടാണ്. അതിലുപരി രാഷ്ട്രീയ എതിരാളികൾ ആശയത്തിന്റെ പേരിൽ ജീവനെടുത്ത രക്തസാക്ഷിയുടെ ജ്യേഷ്ഠൻ കൂടിയാണ് അത് സുധാകരനും സി.പി.എം നേതൃത്വവും മറക്കരുത്.

You may also like