സംസ്ഥാനത്തെ ദേശീയപാത 66 വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി മനപ്പൂർവ്വം രാഷ്ട്രീയ പ്രേരിതവുമാണ്. കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ പ്രതികാരബുദ്ധിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോദി സർക്കാർ കാലങ്ങളായി വിവിധ വിഷയങ്ങളിൽ കേരളത്തോട് പുലർത്തുന്ന അവഗണനയുടെ മറ്റൊരു രൂപമാണ് റിയാസിനെ പരിപാടിയിൽ നിന്ന് വെട്ടിയതിൽ പ്രകടമായത്. മുഹമ്മദ് റിയാസ് വെറുമൊരു വ്യക്തി മാത്രമല്ല കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയപാത നിർമാണത്തിന് നിർണായക പങ്കുവഹിച്ചതും രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത പണം നൽകുകയും ചെയ്യുന്ന കേരളമാണ്, പൊതുമരാമത്ത് വകുപ്പിന് നേതൃത്വം നൽകുന്ന മന്ത്രിയാണ്.
ബി.ജെ.പി നേതാക്കളുടെ മരുമോൻവിളി സ്വന്തം പാർട്ടിയുടെ അപക്വതയാണ് പ്രകടമാക്കുന്നത്. റിയാസെന്നത് കേവലം വ്യക്തിയേക്കാളുപരി പൊതുമരാമത്ത് മന്ത്രിയെ അവഗണിക്കുന്നത് മലയാളികളെ ഒന്നാകെ അപമാനിക്കുന്നതിന് തുല്യമാണ്. ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയതിൽ നിർത്താതെ ടാർഗറ്റ് ചെയ്ത റിയാസിനെ അധിക്ഷേപിക്കുന്ന ബി.ജെ.പി സംസ്ഥാന ഘടകത്തെ ഇന്നലെ നാട് കണ്ടു. മുഖ്യമന്ത്രിയെ മാത്രം വിളിച്ചാൽ പോരെ മരുമകനെയും കുടുംബാംഗങ്ങളെയും ക്ഷണിക്കേണ്ടതുണ്ടോ എന്നാണ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം. വ്യക്തമായ രാഷ്ട്രീയ മേൽവിലാസം ഉള്ള നേതാവാണ് മുഹമ്മദ് റിയാസ്. ഓടിളക്കി വന്ന ഒരാൾ അല്ല. രാജീവിന് റിയാസിൻ്റെ സംഘടന പ്രവർത്തനത്തെക്കുറിച്ച് അറിയാതെയാവില്ല. എം.ടി രമേശ് ഉൾപ്പെടെയുള്ള കോഴിക്കോടും സംസ്ഥാനത്താകെയും പ്രവർത്തിച്ചിട്ടുള്ളവർ നടത്തുന്ന പരാമർശങ്ങൾ അസഹീനയമാണ്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ദിവസം മുതൽ സംഘടിതമായ ആക്രമണമാണ് റിയാസിനെതിനെ നടത്തുന്നത്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം മാതൃകയാർന്ന രാഷ്ട്രീയ സൗഹൃദം നിലനിൽക്കുന്ന കേരളത്തിൽ വിഷം കലർത്തി ഭിന്നിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി വേണം റിയാസിനെതിരെ തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങളെ കാണാൻ.
കേന്ദ്രസർക്കാരിന്റെ അതും പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗികമായ പരിപാടികളിൽ ഏത് സംസ്ഥാനത്താണെങ്കിലും അവിടുത്തെ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും അറിയിക്കാനുള്ള ഉത്തരവാദിത്വം അർഹമായ പരിഗണന വേദിയിലും ചടങ്ങിലും നൽകാനുള്ള മര്യാദ കേന്ദ്രസർക്കാർ കാണിക്കേണ്ടതാണ്. നഗ്നമായ പ്രോട്ടോക്കോൾ ലംഘനമാണ് നടന്നിരിക്കുന്നത്. ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് എന്തടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. കക്ഷിരാഷ്ട്രീയ ജാതിമതഭേദമന്യേ ഇതിനെല്ലാം നിലനിൽക്കുന്ന ഒരു സിസ്റ്റം ഉണ്ട്. അതിൽ വെള്ളം ചേർത്ത് വരുത്താൻ ശ്രമിക്കുന്ന മാറ്റങ്ങളെല്ലാം രാജ്യത്തിന്റെ അധികാര സംവിധാനത്തെ ഫെഡറലിസത്തെയും തകർക്കും. 5580 കോടി രൂപ നികുതിപ്പണത്തിൽ നിന്ന് നൽകിയ കേരളത്തിന് അവരുടെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയേക്കാൾ വലിയ ഒരാളും ആ വേദിയിലിരിക്കാൻ അർഹനല്ല.
അസാധ്യമായതിനെ സാധ്യമാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ ഗതാഗതരംഗത്ത് മാറ്റത്തിന്റെ വ്യക്തമായ അടയാളങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ നടപ്പിലാക്കിയത്. ദേശീയപാത നിർമാണവും, ഗെയിൽ പൈപ്പ് ലെയിൻ പൂർത്തീകരണവും സാധ്യമായാൽ പിണറായി വിജയനെ നേതാവായി അംഗീകരിക്കാമെന്ന ബി.ജെ.പിയുടെ മുൻ പ്രസിഡന്റിന്റെ കുറിപ്പ് ഇപ്പോഴും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്നിൽ നിൽക്കെ രാഷ്ട്രീയമായി സാഹചര്യങ്ങളെയും സാധ്യതകളെയും ഉപയോഗിക്കാം. പക്ഷേ, പ്രോട്ടോകോൾ സംവിധാനത്തെ അട്ടിമറിച്ച് നടത്തിയ ഉദ്ഘാടനം പാർട്ടിപരിപാടിയാക്കി മാറ്റിയത് പ്രതിഷേധാർഹമാണ്.

