കൊച്ചി: ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുമായി സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി). ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബർനെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതായി ബാങ്ക് അറിയിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പുതിയ സംവിധാനത്തിലൂടെ തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് ഇപിഎഫ്ഒ പോർട്ടൽ വഴി നേരിട്ട് ഇപിഎഫ് തവണകൾ, കുടിശ്ശികകൾ, മറ്റ് അനുബന്ധ ചാർജുകൾ എന്നിവ തടസമില്ലാതെ അടയ്ക്കാൻ സാധിക്കും. ബാങ്കും ഇപിഎഫ്ഒയും തമ്മിലുള്ള സാങ്കേതിക സംയോജനം വിജയകരമായി പൂർത്തിയായതോടെയാണ് സേവനം ആരംഭിച്ചത്.
കൊച്ചി മേഖലയുടെയും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന്റെയും റീജിയണൽ പി.എഫ് കമ്മീഷണർ ഉത്തം പ്രകാശ്, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി, എസ്.ജി.എംയും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ബിജി എസ്.എസ് എന്നിവർ ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
സൈബർനെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് സേവനം ആരംഭിക്കുന്നത് ഉപഭോക്താക്കൾക്ക് സുരക്ഷിതവും തടസരഹിതവുമായ ഡിജിറ്റൽ ബാങ്കിംഗ് അനുഭവം നൽകാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് പി.ആർ ശേഷാദ്രി പറഞ്ഞു. ഇപിഎഫ്ഒയുമായുള്ള നേരിട്ടുള്ള സംയോജനത്തിലൂടെ തൊഴിലുടമകൾക്കും ബിസിനസുകൾക്കും നിയമാനുസൃത പണമിടപാടുകൾ കൂടുതൽ ലളിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

