Home Top Storiesഎംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല; കണ്ണൂരിൽ കെ. സുധാകരന് സീറ്റ് ഇല്ലെന്ന് ഹൈക്കമാൻഡ്

എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല; കണ്ണൂരിൽ കെ. സുധാകരന് സീറ്റ് ഇല്ലെന്ന് ഹൈക്കമാൻഡ്

by news_desk
0 comments

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗങ്ങൾ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.

കെ. സുധാകരനൊപ്പം എം.കെ. രാഘവൻ, അടൂർ പ്രകാശ് എന്നിവരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര നേതൃത്വം. എന്നാൽ കണ്ണൂരിൽ നിന്ന് ജനവിധി തേടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ. സുധാകരൻ. പ്രവർത്തകരുടെ വികാരം മാനിച്ചാണ് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും മത്സരിക്കാൻ അർഹതയുള്ളവർക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

സീറ്റ് സംബന്ധിച്ച ചർച്ചകൾക്കായി കെ. സുധാകരൻ ഡൽഹിയിലേക്ക് പോയതായാണ് വിവരം. ഹൈക്കമാൻഡിന്റെ തീരുമാനത്തോട് അദ്ദേഹം വഴങ്ങുമോ എന്നത് രാഷ്ട്രീയമായി നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. സുധാകരൻ തുറന്ന പ്രതിഷേധത്തിലേക്ക് നീങ്ങിയാൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും നേതൃനിരയിൽ നിലനിൽക്കുന്നു.

ഇതിനിടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിൽ ശക്തമായ പോരാട്ടസാധ്യത ഉയർന്നിട്ടുണ്ട്. സിപിഐഎം കെ.കെ. ശൈലജയെ സ്ഥാനാർത്ഥിയാക്കിയതോടെ മണ്ഡലത്തിൽ കടുത്ത തെരഞ്ഞെടുപ്പ് മത്സരം പ്രതീക്ഷിക്കുന്നു.

അതേസമയം കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. വിവിധ മണ്ഡലങ്ങളിലെ ഭിന്നാഭിപ്രായങ്ങളാണ് പട്ടിക പ്രഖ്യാപനം വൈകാൻ കാരണമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആദ്യഘട്ടത്തിൽ 32 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും രണ്ടാം പട്ടിക പിന്നീട് പുറത്തുവിടുമെന്നും സൂചനയുണ്ട്.

You may also like