അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലിലാണ്. ഈ യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ അതിർത്തികൾ കടന്ന് സാധാരണ ജനങ്ങളുടെ അടുക്കളകളിലേക്കും ജീവിതങ്ങളിലേക്കും എത്തിച്ചേരുമ്പോൾ, അതിന്റെ ഏറ്റവും കനത്ത ആഘാതം അനുഭവിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളാണ്. പാചകവാതകത്തിന്റെ അപര്യാപ്തതയും ഇന്ധനവില വർധനവും ചേർന്ന് ജനജീവിതത്തെ തളർത്തിയിരിക്കുകയാണ്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ വ്യവസായം മന്ദഗതിയിലായിരിക്കുമ്പോൾ, ഭക്ഷണ വിതരണ ശൃംഖല തകരാറിലായി. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ ഫ്ലാറ്റുകളിൽ കഴിയുന്ന അണുകുടുംബങ്ങൾക്ക് പകരം മാർഗങ്ങൾ ഇല്ലാത്ത അവസ്ഥ അതീവ ദുഷ്കരമാണ്. പാചകവാതക ക്ഷാമം ഒരു സാമ്പത്തിക പ്രശ്നമെന്നതിലുപരി സാമൂഹിക പ്രതിസന്ധിയിലേക്ക് വളരുന്ന സാഹചര്യം നാം കാണുകയാണ്.
പാർലമെന്റിൽ പാചകവാതക ക്ഷാമമുണ്ടാകില്ലെന്ന ഉറപ്പ് നൽകിയ കേന്ദ്രസർക്കാരിന്റെ വാക്കുകൾ യാഥാർഥ്യത്തിൽ പൊളിഞ്ഞുവീണിരിക്കുകയാണ്. ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ പോലും അടിയന്തര ഇടപെടലുകൾ കാണാത്തത് ആശങ്കാജനകമാണ്. സംസ്ഥാനങ്ങളുടെ ആവശ്യം മനസിലാക്കി സമയോചിതമായ നടപടികൾ സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഇതിനൊപ്പം വൈദ്യുതി പ്രതിസന്ധിയുടെ നിഴലും കനക്കുകയാണ്. പാചകവാതകം ലഭിക്കാത്തതിനാൽ ഇൻഡക്ഷൻ കുക്കറുകളിലേക്ക് മാറുന്ന കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നു. ചൂടുകാലം കൂടി ചേർന്നപ്പോൾ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന അവസ്ഥയാണുള്ളത്. ഉൽപ്പാദന ശേഷിയും ജലസ്രോതസുകളും പരിമിതമായ സാഹചര്യത്തിൽ ഇത് വലിയ പ്രതിസന്ധിയിലേക്ക് വഴിവെക്കും.
ദക്ഷിണേന്ത്യയിൽ ഉത്സവകാലം അടുക്കുമ്പോൾ, റമദാൻ, വിഷു, ഈസ്റ്റർ, തൃശൂർ പൂരം പോലുള്ള ആഘോഷങ്ങൾക്കിടയിൽ ഗ്യാസ് ലഭിക്കാത്ത അവസ്ഥ ജനങ്ങളെ കൂടുതൽ വിഷമത്തിലാഴ്ത്തുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിസംഗത കുറ്റകരമായി തോന്നുന്നു. യുദ്ധം തുടരുന്നിടത്തോളം കാലം ഇന്ധന പ്രതിസന്ധിയും അതിന്റെ പ്രത്യാഘാതങ്ങളും ഒഴിവാക്കാനാകില്ല. അതിനാൽ അന്താരാഷ്ട്ര തലത്തിൽ സമാധാന ശ്രമങ്ങൾക്ക് ശക്തി നൽകേണ്ടത് അനിവാര്യമാണ്. ഇന്ത്യ അതിന് മുൻകൈയെടുക്കേണ്ട സമയമാണിത്. അതേസമയം ആഭ്യന്തരമായി, സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് യാഥാർഥ്യബോധത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതും കേന്ദ്രസർക്കാരിന്റെ കടമയാണ്. പാചകവാതക ക്ഷാമം ഒരു സാധാരണ പ്രശ്നമല്ല; ജനങ്ങളുടെ ജീവനും ജീവിതവും തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു ദേശീയ പ്രതിസന്ധിയാണ്. ഇതിന് വൈകാതെ പരിഹാരം കണ്ടെത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

