Home Internationalഇറാൻ ഖത്തറിനെ തൊട്ടാൽ സൗത്ത് പാർസ് ചാമ്പലാക്കും; കടുത്ത മുന്നറിയിപ്പുമായി ട്രംപ്; എണ്ണവില 108 ഡോളറിൽ

ഇറാൻ ഖത്തറിനെ തൊട്ടാൽ സൗത്ത് പാർസ് ചാമ്പലാക്കും; കടുത്ത മുന്നറിയിപ്പുമായി ട്രംപ്; എണ്ണവില 108 ഡോളറിൽ

by news_desk
0 comments

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ഊർജ്ജ വിപണിയുടെ സിരാകേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അധീനതയിലുള്ള സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തറിലെയും യുഎഇയിലെയും പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ വർഷം നടത്തിയതോടെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. ഖത്തറിനെ വീണ്ടും ലക്ഷ്യം വെച്ചാൽ അമേരിക്ക നേരിട്ട് ഇടപെടുമെന്നും ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ലോകം ഇന്നുവരെ കാണാത്ത കരുത്തിൽ തകർക്കുമെന്നും തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് വ്യക്തമാക്കി. ഇസ്രായേൽ സൗത്ത് പാർസിന് നേരെ നടത്തിയ ആക്രമണം അമേരിക്കയുടെ അറിവോടെയല്ലെന്നും എന്നാൽ ഇറാൻ പ്രകോപനം തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇറാന്റെ ആക്രമണത്തിൽ ഖത്തറിലെ എൽഎൻജി (LNG) സൈറ്റുകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്ലാന്റുകളിൽ വൻ തീപിടുത്തമുണ്ടായതിനെത്തുടർന്ന് ഖത്തർ തങ്ങളുടെ രാജ്യത്തെ ഇറാൻ എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവിട്ടു. യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റിക്ക് നേരെയും ബാബ് ഫീൽഡിന് നേരെയും ഇറാൻ ആക്രമണം നടത്തിയതോടെ യുഎഇ തങ്ങളുടെ ഗ്യാസ് പ്ലാന്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില അഞ്ച് ശതമാനം കൂടി വർദ്ധിച്ച് ബാരലിന് 108 ഡോളറിൽ എത്തി. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണമായത്. പ്രതിസന്ധി പരിഹരിക്കാൻ ട്രംപ് ഭരണകൂടം വെനസ്വേലയ്ക്ക് മേലുള്ള എണ്ണ ഉപരോധങ്ങളിൽ ഇളവ് വരുത്തുകയും അമേരിക്കൻ കമ്പനികൾക്ക് ഇടപാടുകൾ നടത്താൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

You may also like