ആലപ്പുഴ: കോൺഗ്രസ് നേതാവ് കെ. സുധാകരനെ പുകഴ്ത്തിയും മുൻ സഹപ്രവർത്തകൻ ജി. സുധാകരനെ കടന്നാക്രമിച്ചും മന്ത്രി സജി ചെറിയാൻ. സ്വന്തം പാർട്ടിയിൽ സീറ്റ് നിഷേധിക്കപ്പെട്ട ഘട്ടത്തിൽ പോലും കെ. സുധാകരൻ പാർട്ടിയെ വഞ്ചിക്കാതെ ഒടുവിൽ കീഴടങ്ങാൻ തയ്യാറായെന്നും, എന്നാൽ ജി. സുധാകരൻ ചെയ്തത് പാർട്ടിയുടെ ചങ്കിൽ കുത്തലാണെന്നും അദ്ദേഹം വിമർശിച്ചു. ചേർത്തലയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജി. സുധാകരനെ വളർത്തിയതും എല്ലാവിധ സ്ഥാനമാനങ്ങളും അധികാരങ്ങളും നൽകിയതും സി.പി.ഐ.എമ്മാണ്. എന്നിട്ടും പാർട്ടിയെ ചതിച്ച സുധാകരന്റെ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് സജി ചെറിയാൻ ആരോപിച്ചു. കെ. സുധാകരൻ കാണിച്ച രാഷ്ട്രീയ ധാർമികതയുടെ ഒരംശം പോലും ജി. സുധാകരനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി വിട്ടുപോയവരെ കൂട്ടുപിടിച്ച് ആലപ്പുഴയിൽ ജയിക്കാമെന്ന യു.ഡി.എഫിന്റെ മോഹം നടപ്പിലാകില്ലെന്നും സജി ചെറിയാൻ പരിഹസിച്ചു. എൽ.ഡി.എഫിൽ അസ്വസ്ഥതയുള്ളവരെ കണ്ടെത്താൻ കഴിഞ്ഞ രണ്ട് വർഷമായി യു.ഡി.എഫ് ശ്രമം നടത്തുകയാണ്. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അത് പിരിച്ചുവിടേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടുപോകുന്നവർ ഒറ്റപ്പെടുമെന്ന് വ്യക്തമാക്കാൻ സ്വന്തം ഉദാഹരണവും മന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നാളെ സജി ചെറിയാൻ പാർട്ടി വിട്ടുപോയാൽ കൂടെ വരാൻ സ്വന്തം ഭാര്യ പോലും ഉണ്ടാകില്ലെന്നും, പ്രസ്ഥാനമാണ് വലുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സി.പി.ഐ.എം തകരാൻ പോകുന്നു എന്ന് പറയുന്നവർക്ക് ആലപ്പുഴയിലെ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

