തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചെന്ന് ആരോപിച്ച് നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 200 കോടി രൂപ വിലമതിക്കുന്ന 49,000 അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് പ്രധാന ആരോപണം. നികുതി രേഖകൾ സഹിതമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി കൈമാറിയത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമിക്ക് ചതുരശ്ര അടിക്ക് 35,000 മുതൽ 50,000 രൂപ വരെ വിലയുണ്ടെന്നും കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
നേമത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഈ ആഡംബര വീടിന്റെ വിവരം ഇല്ലെന്നും എന്നാൽ 2024-ലെ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ രേഖകളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന രാജീവ് ചന്ദ്രശേഖർ ഒരു സ്ഥിരം കുറ്റവാളിയാണെന്നും കോൺഗ്രസ് പരിഹസിച്ചു. കോടീശ്വരനായ ബിസിനസുകാരനായിട്ടും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹം സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇത്തരം വിവരങ്ങൾ മറച്ചുവെക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

