Home Top Stories‘പൊതുയോഗം ചോദ്യം ചോദിക്കാനുള്ള പത്രസമ്മേളനമല്ല, വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞത് സ്വാഭാവികം’; വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

‘പൊതുയോഗം ചോദ്യം ചോദിക്കാനുള്ള പത്രസമ്മേളനമല്ല, വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞത് സ്വാഭാവികം’; വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

by news_desk
0 comments

പത്തനംതിട്ട: പൊതുയോഗത്തിനിടെ ചോദ്യമുന്നയിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്കാൻ’ പറഞ്ഞ തന്റെ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗങ്ങൾ ചോദ്യം ചോദിക്കാനുള്ള പത്രസമ്മേളനങ്ങളല്ലെന്നും അത്തരം സന്ദർഭങ്ങളിൽ അനാവശ്യ ആവേശം കാണിച്ചാൽ ഇങ്ങനെയുള്ള മറുപടികൾ സ്വാഭാവികമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പറയുന്ന കാര്യങ്ങൾ ഇഷ്ടമുള്ളവർ കേട്ടാൽ മതിയാകും, അല്ലാത്തവർക്ക് അവിടെനിന്ന് പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓരോ ഘട്ടത്തിലും പാലിക്കേണ്ട മര്യാദകൾ ലംഘിക്കുമ്പോഴാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത്. തനിക്ക് സമനില തെറ്റിയെന്ന കെ.സി. വേണുഗോപാലിന്റെ വിമർശനത്തിന്, ശരിക്കും സമനില തെറ്റുന്നത് ആർക്കാണെന്ന് ജനങ്ങൾ കാണുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അടുത്തിടെ തന്റെ കപ്പിലെ ‘ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക്’ എന്ന വാചകത്തെച്ചൊല്ലിയുണ്ടായ ചർച്ചകളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ആ വാചകം യാദൃശ്ചികമായി വന്നതാണെങ്കിലും തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം (അവളോടൊപ്പം) എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. “ഞങ്ങൾ എല്ലാ ഘട്ടത്തിലും അവളോടൊപ്പമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ‘അവനെ’ പവിത്രീകരിക്കാനും സംരക്ഷിക്കാനുമാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ സൈബർ പടയെ വിട്ട് അതിജീവിതയെ ആക്രമിക്കുകയാണ് ചെയ്തത്. ഞങ്ങൾ അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണ്. ഇനിയും ആർക്കെങ്കിലും ഇത്തരം അനുഭവമുണ്ടായാൽ അവർക്കൊപ്പം നിൽക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ നയം,” മുഖ്യമന്ത്രി വ്യക്തമാക്കി. കോന്നിയിലെ പരിപാടിക്കിടെ സദസ്സിൽ നിന്ന് ചോദ്യമുയർന്നപ്പോഴാണ് ‘ഇയാളോട് വീട്ടിൽ പോയി ചോദിക്ക്’ എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം.

You may also like