ആലുവ: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പാതാളത്ത് പ്രവർത്തിക്കുന്നപി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്
അഗ്നിരക്ഷാസേന തീയണയ്ക്കുന്നതിനിടെയാണ് കമ്പനിക്കകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.തീപിടുത്തമുണ്ടായ സമയത്ത് മുപ്പതോളം ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു. സമീപത്തുള്ള ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

