കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കുകയാണ്. അരയും തലയും മുറുക്കി മുന്നണികൾ നാടും നഗരവും കീഴടക്കിയിരിക്കെ, 2026ലെ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന നിർണായക രാഷ്ട്രീയ മുഹൂർത്തമായി മാറുന്നു.
ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ ഇടതുപക്ഷവും, തുടർച്ചയായ പ്രതിപക്ഷ സ്ഥാനത്ത് തുടരുന്ന യുഡിഎഫും, ലോക്സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും നേട്ടങ്ങളിലൂടെ ആത്മവിശ്വാസം നേടിയ എൻ.ഡി.എയും. മൂന്നു മുന്നണികൾക്കും ഒരുപോലെ വലിയ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പ് ഉയർത്തുന്നത്. എന്നാൽ വികസനവും ആശയപരമായ സംവാദങ്ങളും നിറഞ്ഞിരിക്കേണ്ട ഈ പോരാട്ടഭൂമി, അരാഷ്ട്രീയമായ വാദപ്രതിവാദങ്ങളുടെയും ദുർബലവും ജനാധിപത്യവിരുദ്ധവുമായ ആരോപണങ്ങളുടെയും നിഴലിൽ ഇരുണ്ടുപോകുന്നതാണ് ദുഃഖകരം. രാഷ്ട്രീയ ഭിന്നതകൾ വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് വഴിമാറുന്ന പ്രവണത സമീപകാല രാഷ്ട്രീയത്തിന്റെ അപകടകരമായ ദിശയാണ് സൂചിപ്പിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ഗൗരവത്തെ തന്നെ ബാധിക്കുന്നതാണ്. ഇതിന്റെ പ്രതിഫലനം ജനങ്ങളിൽ വ്യക്തമായി കാണുന്നു. ഭരണഘടന നൽകിയ വോട്ട് എന്ന അവകാശം വിനിയോഗിക്കുന്നതിലുള്ള താൽപര്യം കുറയുന്നു. പ്രത്യേകിച്ച് പുതിയ തലമുറ വോട്ടർമാർ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്ന പ്രവണത ശക്തമാകുന്നത് ആശങ്കാജനകമാണ്.
ഈ തിരിച്ചുപോക്ക് തടയേണ്ട ഉത്തരവാദിത്വം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേതാണ്. എന്നാൽ അധികാരം പിടിക്കാനുള്ള അമിത ആഗ്രഹത്തിൽ അവർ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതായി തോന്നുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് ശുദ്ധവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പിലാണ്. അതിനാൽ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷനും അതേ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. അടുത്തിടെ പുറത്തുവന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇമെയിലിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവം ഇപ്പോഴും ആശങ്കയായി നിലനിൽക്കുന്നു. ‘സാങ്കേതിക പിഴവ്’ എന്ന വിശദീകരണം താൽക്കാലിക ആശ്വാസം നൽകുന്നുവെങ്കിലും, ഇത്തരം സംഭവങ്ങൾ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതിൽ സംശയമില്ല.
ഭരണഘടനാ സ്ഥാപനങ്ങൾ ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ഭേദമില്ലാതെ നിഷ്പക്ഷമായി പ്രവർത്തിക്കണം. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ ചില നടപടികൾ അതിന്റെ വിപരീത സൂചനകളാണ് നൽകിയത് എന്ന വിമർശനവും ശക്തമാണ്. ഈ ധാരണകൾ കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ കുലുങ്ങാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ, ഈ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടം മാത്രമല്ല; ജനാധിപത്യത്തിന്റെ വിശ്വാസ്യതയ്ക്ക് മുന്നിലുള്ള പരീക്ഷണവുമാണ്. സംശുദ്ധവും സുതാര്യവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാ പക്ഷങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ജനാധിപത്യത്തിന്റെ നേരും നിറവും പുലരണമെങ്കിൽ, തിരഞ്ഞെടുപ്പ് പ്രക്രിയ വിശ്വാസത്തിന്റെ പ്രകാശമായി നിലനിൽക്കണം.

