ന്യൂഡൽഹി: ഇൻഷുറൻസ് പോളിസി രേഖകൾ സൂക്ഷിക്കാനും ക്ലെയിമുകൾ വേഗത്തിലാക്കാനും പുതിയ ഡിജിറ്റൽ സംവിധാനവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ). വിവിധ കമ്പനികളുടെ പോളിസി വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന ‘പബ്ലിക് ഇൻഷുറൻസ് രജിസ്ട്രി’ (PIR), ഇൻഷുറൻസ് സേവനങ്ങൾ ലളിതമാക്കുന്ന ‘ബീമ സുഗം’ എന്നീ പദ്ധതികൾ ഈ വർഷം തന്നെ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. പോളിസി വിവരങ്ങൾക്കായി കമ്പനികൾ തോറും കയറിയിറങ്ങേണ്ടി വരുന്ന ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ന്യൂഡൽഹിയിൽ ചേർന്ന ഇൻഷുറൻസ് കമ്പനികളുടെയും വിവിധ ഏജൻസികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്.
നിലവിൽ ഓരോ കമ്പനിയും ഉപഭോക്താക്കളുടെ വിവരങ്ങൾ പ്രത്യേകം സെർവറുകളിലാണ് സൂക്ഷിക്കുന്നത്. പുതിയ ‘പബ്ലിക് ഇൻഷുറൻസ് രജിസ്ട്രി’ വരുന്നതോടെ ഏത് കമ്പനിയുടെ പോളിസിയാണെങ്കിലും അതിന്റെ ക്ലെയിം വിവരങ്ങളും പരാതികളും ഉൾപ്പെടെയുള്ളവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഉപഭോക്താവിന്റെ പൂർണ്ണമായ അനുവാദത്തോടെ മാത്രമായിരിക്കും വിവരങ്ങൾ കൈമാറുന്നത്. ‘സബ്കാ ബീമ സബ്കി രക്ഷ’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും വിവരങ്ങൾ ഏകീകരിക്കുന്നതോടെ ക്ലെയിം സെറ്റിൽമെന്റ് നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നും ഐആർഡിഎഐ ചെയർമാൻ വ്യക്തമാക്കി.
ഇതിനോടൊപ്പം തന്നെ പ്രവർത്തനസജ്ജമാകുന്ന ‘ബീമ സുഗം’ എന്ന പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് വിവിധ കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്യാനും നേരിട്ട് വാങ്ങാനും സാധിക്കും. സൈബർ സുരക്ഷയ്ക്കും ഡാറ്റാ സംരക്ഷണത്തിനും മുൻഗണന നൽകിയാണ് ഈ സംവിധാനങ്ങൾ ഒരുക്കുന്നത്. എല്ലാ പോളിസി വിവരങ്ങളും ഒരിടത്ത് കാണാൻ സാധിക്കുന്നത് ഇൻഷുറൻസ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരും. ഇൻഷുറൻസ് ചരിത്രം പരിഗണിച്ച് ഓരോരുത്തർക്കും അനുയോജ്യമായ പോളിസികൾ നിർദ്ദേശിക്കാൻ കമ്പനികൾക്കും ഈ സംവിധാനം സഹായകമാകും.

