വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടലിടുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള സങ്കീർണ്ണമായ നടപടികൾ നീട്ടിവെക്കാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ സംഘർഷം നാല് മുതൽ ആറ് ആഴ്ച വരെ നീണ്ടുപോകാൻ കാരണമാകുമെന്ന വിലയിരുത്തലിലാണ് ട്രംപിന്റെ ഈ പുതിയ നിലപാട്.
നേരത്തെ, ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങളും വൈദ്യുത നിലയങ്ങളും ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കുടിവെള്ള വിതരണ കേന്ദ്രങ്ങളെപ്പോലും ആക്രമിക്കുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ നിലവിൽ ഇറാനിലെ പുതിയ നേതൃത്വവുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രദേശത്തെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, യുഎസുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. അമേരിക്കയുടെ കരയുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. യുഎസ് സൈന്യം കരയുദ്ധത്തിന് മുതിർന്നാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് അവർ ഇരയാകേണ്ടി വരുമെന്ന് ഇറാന്റെ സൈനിക വക്താവ് ലഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരി മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം അയയുന്നതിന്റെ സൂചനകൾ പുറത്തുവരുമ്പോഴും ഇരുവിഭാഗവും ജാഗ്രത തുടരുകയാണ്.

