Home Keralaപി.എ മാധവന്റെ അപകടത്തിൽ ദുരൂഹത ആരോപണം: ഡി.ജി.പി.ക്ക് പരാതി, സമഗ്ര അന്വേഷണത്തിന് ആവശ്യം

പി.എ മാധവന്റെ അപകടത്തിൽ ദുരൂഹത ആരോപണം: ഡി.ജി.പി.ക്ക് പരാതി, സമഗ്ര അന്വേഷണത്തിന് ആവശ്യം

by news_desk1
0 comments

തൃശൂരിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.എ മാധവൻ നേരിട്ട വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്ത്. അപകടം സാധാരണ സംഭവമല്ലെന്നും ആസൂത്രിതമായതാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം.

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മകൻ സമീർ എം നായർ ഡി.ജി.പി.യ്ക്ക് പരാതി നൽകി. സംഘടനാ തലത്തിലുള്ള പ്രശ്നങ്ങളാണ് അപകടത്തിന് പിന്നിലെന്നും, സംഭവസമയത്ത് മണലൂർ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന മാധവനെ ലക്ഷ്യമിട്ടുള്ള ആക്രമണമാകാമെന്നും പരാതിയിൽ പറയുന്നു.

മാർച്ച് മാസത്തിന് മുൻപ് തന്നെ ഭീഷണികൾ ലഭിച്ചിരുന്നുവെന്നും, അച്ഛനെ അപായപ്പെടുത്താനുള്ള ശ്രമമാണോയെന്ന സംശയവുമുണ്ടെന്നും സമീർ വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾ പൊലീസ് ഗൗരവമായി പരിശോധിക്കണമെന്നും മകന്റെ പരാതിയിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് രംഗത്തെത്തി.

ഈ വർഷം ഫെബ്രുവരി 20-നാണ് മുണ്ടൂരിൽ വീടിന് സമീപം വെച്ച് മാധവനെ ഒരു പിക്കപ്പ് വാൻ ഇടിച്ച് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ മൂന്ന് ദിവസത്തിനകം കൂറ്റനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗുരുതരമായി പരിക്കേറ്റ മാധവൻ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. പേരാമംഗലം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഡി.ജി.പി.യ്ക്ക് നൽകിയ പരാതി സിറ്റി പൊലീസിന് കൈമാറിയതിനെ തുടർന്ന് പേരാമംഗലം പൊലീസ് സമീറിന്റെ മൊഴി രേഖപ്പെടുത്തി.

You may also like