തെഹ്റാൻ/വാഷിങ്ടൺ: പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക–ഇറാൻ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, ഇറാനെതിരെ ശക്തമായ നടപടി തുടരുമെന്നും മുന്നറിയിപ്പ് നൽകി.
ഇസ്ലാമാബാദിൽ രണ്ട് ദിവസം നീണ്ട ചര്‍ച്ചകൾക്ക് ധാരണയിലെത്താനായില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്തതാണ് പരാജയത്തിനിടയായതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ദിവസത്തെ ചര്‍ച്ച ഒഴിവാക്കി വാൻസ് അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു.
ചര്‍ച്ചകൾ പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ ട്രംപ് ഇറാനെതിരെ ശക്തമായ പരാമർശങ്ങൾ നടത്തി. ഇറാൻ വലിയ തോൽവി നേരിടുകയാണെന്നും യുദ്ധത്തിൽ നിർണായക നഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് ട്രംപിന്റെ അവകാശവാദം. വെടിനിർത്തൽ സംബന്ധിച്ച റിപ്പോർട്ടുകൾ നൽകിയ മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു.
ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി യുഎസ് സൈന്യം നടപടികൾ ആരംഭിച്ചതായും ട്രംപ് വ്യക്തമാക്കി. ലോകത്തെ എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമൂസ് അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ഇറാന്റെ നാവിക-വ്യോമസേനാ ശേഷിയും പ്രതിരോധ സംവിധാനങ്ങളും യുഎസ് തകർത്തുവെന്നുമാണ് ട്രംപിന്റെ മറ്റൊരു അവകാശവാദം.
ചര്‍ച്ച പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ഉയർന്നിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് ഇതുവരെ നാറ്റോ രാജ്യങ്ങളുടെ തുറന്ന പിന്തുണ ലഭിച്ചിട്ടില്ല. എന്നാൽ ഇറാന്റെ നിലപാട് കാരണം യുദ്ധം ശക്തമാകാനിടയുണ്ടെന്നും, സഖ്യകക്ഷികളെ യുഎസ് യുദ്ധത്തിലേക്ക് ആകർഷിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
ഇതിനിടെ ഇറാനെ ചൈന സഹായിക്കുന്നുവെന്നാരോപിച്ച് ട്രംപ് പുതിയ ഭീഷണിയും ഉയർത്തി. ചൈന ഇറാനിലേക്ക് ആയുധങ്ങൾ കൈമാറിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ യുഎസ് ആരോപണങ്ങൾ ചൈന തള്ളിക്കളഞ്ഞു.

