തിരുവനന്തപുരം: വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി നാളെ ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയിലേക്ക് മാറ്റും. ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് ശ്രീക്കുട്ടിയുടെ അമ്മയുമായി സംസാരിച്ചു ആവശ്യമായ എല്ലാ ചികിത്സകളും നല്‍കുമെന്ന് അറിയിച്ചു.ഔഷധിയിലെ ഡോക്ടര്‍മാര്‍ എല്ലാവരും ശ്രീക്കുട്ടിയെ സ്വീകരിക്കാന്‍ സജ്ജമാണെന്നും, അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സ്വബോധത്തിലേയ്ക്ക് തിരികെ വന്നതിന് ശേഷം ആരും കാണാന്‍ എത്തിയില്ലെന്നും നിലവിലെ ചികിത്സയ്ക്ക് സര്‍ക്കാരിന്റെ സഹായം അനിവാര്യമാണെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഔഷധി സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.
ഔഷധിയുടെ തീരുമാനം വലിയ ആശ്വാസമാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയ പ്രതികരിച്ചു. 2025 നവംബറില്‍ കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ലഹരിക്കടിമയായ സഹയാത്രികന്‍ തള്ളിയിട്ടതോടെ ഗുരുതരമായി പരിക്കേറ്റതാണ് ശ്രീക്കുട്ടി. എന്നാൽ തളരാത്ത മനസ്സോടെ ജീവിതത്തിലേക്ക് തിരികെ എത്താന്‍ അവള്‍ നടത്തുന്ന പോരാട്ടം ശ്രദ്ധേയമാണ്.

