Home Nationalമണ്ഡല പുനർനിർണയം ദക്ഷിണേന്ത്യയെ ഒറ്റപ്പെടുത്താൻ; ഉത്തരേന്ത്യയിൽ മാത്രം 200 സീറ്റുകൾ വർധിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ

മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യയെ ഒറ്റപ്പെടുത്താൻ; ഉത്തരേന്ത്യയിൽ മാത്രം 200 സീറ്റുകൾ വർധിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ

by news_desk
0 comments

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിന് പിന്നിൽ വനിതാ സംവരണമല്ല, മറിച്ച് മണ്ഡല പുനർനിർണയത്തിലൂടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തിയാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വാർത്താമാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന പുതിയ കണക്കനുസരിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 60 സീറ്റുകളുടെ വർധനവ് ഉണ്ടാകുമ്പോൾ, ഉത്തരേന്ത്യയിൽ മാത്രം 200 ഓളം സീറ്റുകൾ വർധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ കുടുംബാസൂത്രണ പദ്ധതികൾ കൃത്യമായി നടപ്പാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നാമമാത്രമായ വർധനവ് മാത്രമേ ഉണ്ടാകൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഈ അമിത ഭൂരിപക്ഷം ഉപയോഗിച്ച് ദക്ഷിണേന്ത്യയെ പൂർണ്ണമായും ഒറ്റപ്പെടുത്തി രാജ്യം ഭരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തങ്ങൾ വനിതാ സംവരണത്തിനല്ല, മറിച്ച് മണ്ഡല പുനർനിർണയത്തിനാണ് എതിരെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.

വനിതാ സംവരണ ബില്ലിൽ അനാവശ്യമായ ഉപാധികൾ തിരുകിക്കയറ്റി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സി.പി.ഐ നേതാവ് ആനി രാജയും ആരോപിച്ചു. ഉപാധികളില്ലാതെ ബിൽ കൊണ്ടുവന്നാൽ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിനെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി എതിർക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ നിലവിലുള്ള 543 സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്ക് മാറ്റിവെച്ചാൽ മാത്രമേ പ്രതിപക്ഷം ബില്ലിനെ അനുകൂലിക്കാൻ സാധ്യതയുള്ളൂ. ബില്ലിന്മേലുള്ള ചർച്ചകൾ ലോക്‌സഭയിൽ തുടരുകയാണ്.

You may also like