Home Internationalഇസ്രയേലിന് ആയുധം നൽകാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റിൽ തിരിച്ചടി; ട്രംപിന്റെ പ്രമേയത്തെ ഡെമോക്രാറ്റുകൾ തടഞ്ഞു

ഇസ്രയേലിന് ആയുധം നൽകാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റിൽ തിരിച്ചടി; ട്രംപിന്റെ പ്രമേയത്തെ ഡെമോക്രാറ്റുകൾ തടഞ്ഞു

by news_desk
0 comments

വാഷിംഗ്ടൺ: ഇസ്രയേലിന് യുദ്ധാവശ്യങ്ങൾക്കായി ആയുധസഹായം നൽകാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് അമേരിക്കൻ സെനറ്റിൽ വൻ തിരിച്ചടി. ഇസ്രയേലിന് ആയുധങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തെ ഭൂരിഭാഗം ഡെമോക്രാറ്റ് പ്രതിനിധികളും എതിർത്തു. സെനറ്റിലെ 47 ഡെമോക്രാറ്റ് അംഗങ്ങളിൽ 40 പേരും പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സഹായിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡെമോക്രാറ്റ് പ്രതിനിധികൾ.

ഡെമോക്രാറ്റിക് കോക്കസിലെ 80 ശതമാനത്തിലധികം പേരും നെതന്യാഹുവിന്റെ നിയമവിരുദ്ധമായ യുദ്ധങ്ങൾക്കുള്ള സൈനിക സഹായം തടയണമെന്ന് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ 11 പേർ മാത്രമാണ് രംഗത്തുണ്ടായിരുന്നത്. എന്നാൽ യുദ്ധത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളിലെ പ്രതിഷേധം കാരണം ഇത് 40 ആയി വർദ്ധിച്ചു. അമേരിക്കൻ ജനത നൽകുന്ന നികുതിപ്പണം യുദ്ധത്തിനായി ചിലവഴിക്കരുതെന്നും അത് രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനാണ് വിനിയോഗിക്കേണ്ടതെന്നും സെനറ്റർമാർ ചൂണ്ടിക്കാട്ടി. നിഷ്കളങ്കരായ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള നെതന്യാഹുവിന്റെ ആക്രമണങ്ങൾക്ക് അമേരിക്ക കൂട്ടുനിൽക്കരുതെന്ന് അവർ ആവശ്യപ്പെട്ടു.

അമേരിക്കൻ ജനത ഇത്തരം യുദ്ധക്കൊതിയെ എതിർക്കുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. സ്വതന്ത്ര സെനറ്റർ ബേണി സാൻഡേഴ്‌സാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു റിപ്പബ്ലിക്കനെന്നോ ഡെമോക്രാറ്റെന്നോ വ്യത്യാസമില്ലാതെ, മാനവികത ഉയർത്തിപ്പിടിക്കുന്ന അമേരിക്കൻ പൗരന്മാർ എന്ന നിലയിലാണ് തങ്ങൾ യുദ്ധ സഹായങ്ങളെ എതിർക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like