ലഖ്നൗ: ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആധികാരിക ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ലഖ്നൗ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 29 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർസിബി മറികടന്നു. പരിക്കിന്റെ വെല്ലുവിളികൾക്കിടയിലും ഇമ്പാക്ട് പ്ലെയറായി ഇറങ്ങി 34 പന്തിൽ 49 റൺസ് അടിച്ചുകൂട്ടിയ വിരാട് കോഹ്ലിയാണ് ബെംഗളൂരുവിന്റെ വിജയം അനായാസമാക്കിയത്.
ക്യാപ്റ്റൻ രജത് പാട്ടീദാർ (27), ജിതേഷ് ശർമ (23) എന്നിവർ മികച്ച പിന്തുണ നൽകിയപ്പോൾ ടിം ഡേവിഡും റൊമാരിയോ ഷെപ്പേർഡും 14 റൺസ് വീതം നേടി പുറത്താകാതെ നിന്നു. ലഖ്നൗവിനായി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്ക് ആർസിബി ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനായില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിനെ ഭുവനേശ്വർ കുമാറും റാസിഖ് സലാമും ചേർന്നാണ് തകർത്തത്. റാസിഖ് സലാം നാല് വിക്കറ്റും ഭുവനേശ്വർ മൂന്ന് വിക്കറ്റും വീഴ്ത്തി. മിച്ചൽ മാർഷ് (40), ആയുഷ് ബദോനി (38), മുകുൾ ചൗധരി (39) എന്നിവർ മാത്രമാണ് ലഖ്നൗ നിരയിൽ രണ്ടക്കം കടന്നത്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റും മികച്ച റൺറേറ്റുമായി ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. അത്ര തന്നെ പോയിന്റുള്ള രാജസ്ഥാൻ റോയൽസ് റൺറേറ്റിലെ വ്യത്യാസം കാരണം രണ്ടാം സ്ഥാനത്താണ്. ഏഴ് പോയിന്റുള്ള പഞ്ചാബ് കിങ്സാണ് പട്ടികയിൽ മൂന്നാമത്. ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപും വിരാട് കോഹ്ലി നിലനിർത്തി.

