മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തത് കായിക ലോകത്തെ ആശങ്കയിലാക്കുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് അടുത്ത സുഹൃത്തും മുൻ അമ്പയറുമായ മാർക്കസ് കൂട്ടോ വെളിപ്പെടുത്തി. രോഗബാധയെത്തുടർന്ന് കാംബ്ലിക്ക് കടുത്ത ഓർമ്മക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യപാന ശീലം പൂർണ്ണമായും ഉപേക്ഷിച്ചെങ്കിലും കാംബ്ലി ഇപ്പോഴും പുകവലി തുടരുന്നത് ഡോക്ടർമാരെ ആശങ്കയിലാക്കുന്നുണ്ട്. ഇത് തലച്ചോറിൽ വീണ്ടും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഡോക്ടർമാർ കർശന മുന്നറിയിപ്പ് നൽകിയിട്ടും താരം പുകവലി ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ലെന്നാണ് വിവരം. നേരത്തെ ഒരു പൊതുപരിപാടിയിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം എത്തിയപ്പോൾ കാംബ്ലിക്ക് പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്തത് ആരാധകരെ സങ്കടത്തിലാക്കിയിരുന്നു.
സച്ചിൻ ടെണ്ടുൽക്കർക്ക് പുറമെ സുനിൽ ഗവാസ്കർ, കപിൽ ദേവ് തുടങ്ങിയ ഇതിഹാസ താരങ്ങളും കാംബ്ലിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളിലാണ്. എന്നാൽ ആരോഗ്യനിലയിലെ സങ്കീർണ്ണതകൾ കാരണം പൂർണ്ണ കായികക്ഷമതയിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കം ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്. പ്രിയ താരത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനകളുമായി കാത്തിരിക്കുകയാണ് ആരാധകർ.

