നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി ദിവസങ്ങൾ മാത്രം. ആരാണ് ഭരിക്കുക, ആരാണ് പ്രതിപക്ഷത്തിൽ ഇരിക്കുക- ഈ ചോദ്യങ്ങൾക്ക് ജനത ഉടൻ മറുപടി നൽകാനിരിക്കെ, രാഷ്ട്രീയ കേരളം കാത്തിരിപ്പിന്റെയും കണക്കുകൂട്ടലുകളുടെയും ആവേശത്തിലാണ്. എന്നാൽ ഈ നിർണായക ഘട്ടത്തിൽ തന്നെ ചില വൃത്തങ്ങളിൽ ഉയരുന്ന അധികാരവാദങ്ങളും കസേരക്കളികളും ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ തന്നെ മങ്ങലേൽപ്പിക്കുന്നതാണ്. ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പദവിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും അവകാശവാദങ്ങളും ശക്തമാകുന്നത്, രാഷ്ട്രീയ പക്വതയ്ക്ക് ചേരുന്നതല്ല. പ്രത്യേകിച്ച് ഐക്യ ജനാധിപത്യ മുന്നണിക്കുള്ളിലെ ഇത്തരം ചർച്ചകൾ, വിജയത്തിന്റെ ഉറപ്പില്ലാത്ത ഘട്ടത്തിൽ പോലും അധികാരവിഭജനത്തിന്റെ സൂചന നൽകുന്നത് ജനങ്ങളോട് അനാദരവാണ്. വോട്ട് രേഖപ്പെടുത്തിയ ജനങ്ങൾ ഇപ്പോഴും അന്തിമവിധി പ്രഖ്യാപിച്ചിട്ടില്ല; അതിനുമുമ്പേ കസേരകൾ പങ്കിടുന്ന രാഷ്ട്രീയ സംസ്കാരം ജനാധിപത്യത്തിന്റെ ആത്മാവിനോട് പൊരുത്തപ്പെടുന്നതല്ല.
2021ലെ അനുഭവം ഇപ്പോഴും പുതുതാണ്. അന്നും സമാനമായ ആവേശവും ആത്മവിശ്വാസവും പ്രകടിപ്പിച്ചെങ്കിലും, ഫലം വന്നപ്പോൾ യാഥാർഥ്യം മറ്റൊന്നായിരുന്നു. ജനവിധി എപ്പോഴും പ്രവചനാതീതമാണ്; അത് രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും വീണ്ടും വീണ്ടും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാഠം. എന്നാൽ, ആ പാഠം മറക്കുന്നതുപോലെ തന്നെയാണ് ഇന്നത്തെ സാഹചര്യവും. ചരിത്രം സാക്ഷിയാണ്; മുന്നണികൾ ജനങ്ങളോട് വോട്ട് ചോദിച്ചത് വ്യക്തിപരമായ സ്ഥാനമോഹങ്ങൾ ഉയർത്തിക്കാട്ടിയല്ല. ആശയങ്ങളും നയങ്ങളും വികസനവാഗ്ദാനങ്ങളുമാണ് ജനവിശ്വാസം നേടാനുള്ള ആയുധങ്ങൾ ആയിരുന്നത്. കെ. കരുണാകരനും എ.കെ. ആന്റണിയും പോലുള്ള നേതാക്കൾ അധികാരപദവി മുന്നോട്ട് വെച്ചല്ല, രാഷ്ട്രീയ ദർശനങ്ങളിലൂടെ ജനങ്ങളോട് ചേർന്നവരാണ്. ആ രാഷ്ട്രീയ സംസ്കാരത്തിന്റെ തിളക്കം ഇന്നും മാതൃകയാകേണ്ടതാണ്. ഇന്നോ, സാമൂഹിക മാധ്യമങ്ങളിലൂടെയും വേദികളിലൂടെയും ഉയരുന്ന വാക്ക് പോരുകളും പരസ്പര വാഴ്ത്തുപാട്ടുകളും പാർട്ടിയുടെ അടിത്തറയിലുള്ള പ്രവർത്തകരുടെ ആത്മവിശ്വാസത്തെ പോലും തകർക്കുന്നുണ്ട്.
വിജയമെന്ന പ്രതീക്ഷയിൽ മുമ്പേ തന്നെ ‘കിംഗ് മേക്കർമാർ’ സൃഷ്ടിക്കപ്പെടുന്നത്, യാഥാർഥ്യത്തെ മറക്കുന്ന ഒരു രാഷ്ട്രീയ മായയാണ്. അത് പാർട്ടിയുടെ ശക്തിയെ കൂട്ടുന്നതല്ല, മറിച്ച് വിഭജിക്കുന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കൾ യോഗ്യതയുള്ളവരാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, യോഗ്യതയെക്കാൾ പ്രധാനപ്പെട്ടത് സമയബോധവും പക്വതയും ആണ്. ജനവിധിക്ക് മുമ്പുള്ള ഈ അധികാരവാദങ്ങൾ, വോട്ടർമാരുടെ ബുദ്ധിയെ പോലും അപമാനിക്കുന്ന രീതിയിലേക്ക് നീങ്ങരുത്. ജനാധിപത്യം എന്നത് കസേരകളുടെ കളിയല്ല; ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ആ വിശ്വാസത്തെ ആദരിക്കുക എന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രഥമ ഉത്തരവാദിത്വമാണ്. ഫലം എന്തായാലും അത് വിനയത്തോടെ സ്വീകരിക്കാനും, ജനഹിതം മുൻനിർത്തി തീരുമാനങ്ങൾ എടുക്കാനും നേതാക്കൾ തയ്യാറാകണം. ഫലം വരാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. അതുവരെ രാഷ്ട്രീയ വേദികളിൽ ശാന്തതയും പക്വതയും നിലനിൽക്കണം.

