ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ എം പി കനിമൊഴി. ബിൽ നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ പാർലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്ന് അവർ ആരോപിച്ചു. സ്ത്രീകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപാധിയായി ഉപയോഗിക്കുകയാണെന്നും അവർ വിമർശിച്ചു.
ബിൽ 2029 മുതൽ 453 സീറ്റുകളോടെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട കനിമൊഴി, നിലവിലുള്ള 543 സീറ്റുകളിൽ തന്നെ വനിതാ സംവരണം നൽകണമെന്നും പറഞ്ഞു. കേന്ദ്രം കൊണ്ടുവന്ന ഭേദഗതികൾ ഇന്ത്യൻ ഫെഡറൽ ഘടനയ്‌ക്കെതിരായ ആക്രമണമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ ഭാഗമായി ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് പാർലമെന്റിലെത്തിയത്.
അതേസമയം, മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ കാണിക്കുന്ന അതിവേഗ നീക്കങ്ങൾ ‘പോളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ’ ആണെന്നും അദ്ദേഹം വിമർശിച്ചു.
ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പുതിയ പരിഷ്‌കാരത്തോടെ രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ ശബ്ദം ദുർബലമാകുമെന്ന ആശങ്കയും നേതാക്കൾ പങ്കുവച്ചു.

