ലഖ്‌നൗ: വിവാഹ ചടങ്ങിനിടെ രസഗുള എടുത്തെന്നാരോപിച്ച് പതിനൊന്നുകാരനെ തന്തൂരി അടുപ്പിന് മുകളിലേക്ക് തള്ളിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയില്‍. നിലവില്‍ കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
മലൗലി ഗോസായി ഗ്രാമത്തില്‍ ഏപ്രില്‍ 15നാണ് സംഭവം നടന്നത്. മുത്തശ്ശിക്കൊപ്പം ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ചമന്‍ എന്ന കുട്ടി ഫുഡ് കൗണ്ടറില്‍ നിന്ന് തുടര്‍ച്ചയായി രസഗുള എടുക്കുന്നത് കാറ്ററിംഗ് കോണ്‍ട്രാക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇതില്‍ പ്രകോപിതനായ കോണ്‍ട്രാക്ടര്‍ കുട്ടിയെ പിടിച്ച് തന്തൂരി അടുപ്പിന് മുകളിലേക്ക് തള്ളിയെന്നാണ് ആരോപണം. ഇതിനിടെ ഉണ്ടായ പിടിവലിക്കിടെ ബാലന്‍ നിയന്ത്രണം വിട്ട് അടുപ്പിനുള്ളിലേക്ക് വീഴുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തി അടുപ്പില്‍നിന്ന് പുറത്തെടുത്തു. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്ന കുട്ടിയെ ആദ്യം അയോധ്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് തുടര്‍ ചികിത്സയ്ക്കായി ലഖ്‌നൗ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുടെ ബന്ധുവിന്റെ പരാതിയില്‍ കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

